കൊല്‍ക്കത്ത: മകളുടെ കാമുകനായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നാം ക്ലാസുകാരനായ കാമുകന് തന്നെ വഞ്ചിച്ചെന്ന് മകള്‍ വെളിപ്പെടുത്തിയതോടെയാണ് വിദ്യാര്‍ത്ഥിയെ പെണ്‍കുട്ടിയുടെ പിതാവ് തട്ടിക്കൊണ്ടുപോയത്.
കൊല്‍ക്കത്തയിലെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാല്‍ അടുത്തിടെയായി കാമുകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പെണ്‍കുട്ടി താന്‍ ചതിക്കപ്പെട്ടതായി സംശയിച്ചു. ഇക്കാര്യം നേരിട്ട് സംസാരിക്കാനായി പെണ്‍കുട്ടി കാമുകനെ നഗരത്തിലെ സിനിമാ തീയേറ്ററിലേക്ക് വിളിച്ചുവരുത്തി. ഇവിടെവെച്ചാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.
പെണ്‍കുട്ടിയുടെ സംശയം തെറ്റിദ്ധാരണമൂലമാണെന്ന് ആണ്‍കുട്ടി ആവര്‍ത്തിച്ചുപറഞ്ഞെങ്കിലും അവള് വിശ്വസിച്ചില്ല. ഇതിനിടെ സിനിമാ തീയേറ്റര്‍ പരിസരത്തുവെച്ച് പെണ്‍കുട്ടി ഉറക്കെകരയാനും തുടങ്ങി. ഇതോടെയാണ് നാട്ടുകാര്‍ സംഭവം ശ്രദ്ധിക്കുന്നത്. റോഡില്‍ നിന്നുകരയുകയായിരുന്ന പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞ നാട്ടുകാരില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിവരമറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് സ്ഥലത്തെത്തി ഇരുവരെയും കാറില്‍ കയറ്റികൊണ്ടുപോയി.
റീജന്റ് പാര്‍ക്കിലെ ഒരു ഫ്ലാറ്റിലേക്കാണ് പെണ്‍കുട്ടിയുടെ പിതാവ് ഇരുവരെയും കൊണ്ടുപോയത്. തുടര്‍ന്ന് ഇവിടെവെച്ച് ഇയാള്‍ ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചു. മണിക്കൂറുകളോളം ബന്ദിയാക്കിയശേഷം ആണ്‍കുട്ടിയുടെ മാതാവിനെ വിവരമറിയിച്ചു. എങ്ങനെ പെരുമാറണമെന്ന് മകനെ പഠിപ്പിക്കണമെന്നും, ഫ്ലാറ്റില്‍ വന്നാല്‍ മകനെ കൊണ്ടുപോകാമെന്നുമായിരുന്നു ഇയാള്‍ ആണ്‍കുട്ടിയുടെ മാതാവിനോട് പറഞ്ഞത്. എന്നാല്‍ വിവരമറിഞ്ഞ മാതാവ് ഉടന്‍തന്നെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തിയാണ് ആണ്‍കുട്ടിയെ ഫ്ളാറ്റില്‍ നിന്നും മോചിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവിനെയും പോലീസ് ഇവിടെനിന്ന് അറസ്റ്റ് ചെയ്തു.