ന്യൂഡല്‍ഹി: 50 കോടിയുടെ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി ആര്‍കെ മിത്തലിനെ സസ്പെന്റ് ചെയ്യാന്‍ അനുമതി. ചീഫ് ജസ്റ്റിസ് രജന്‍ ഗോഗോയിയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. മാസങ്ങളായി ഇതുസംബന്ധിച്ച ഫയല്‍ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ കെട്ടിക്കിടക്കുകയായിരുന്നു.
ഫയല്‍ പരിശോധിച്ച ജസ്റ്റിസ് ഗോഗോയി അതിനു നടപടിക്ക് അനുമതി നല്‍കിക്കൊണ്ട് റെയില്‍വെ ബോര്‍ഡിന് അയക്കുകയായിരുന്നു. ഇതാദ്യമായാണ് സിറ്റിങ് ആര്‍സിടി ജഡ്ജിയ്ക്കെതിരെ അഴിമതി ആരോപണം ഉയരുന്നത്. മിത്തലിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണം സംബന്ധിച്ച് ജസ്റ്റിസ് യുയു ലളിത് അന്വേഷണം നടത്തിയിരുന്നു.
കുറച്ചുമാസങ്ങള്‍ക്കു മുമ്പ് മിത്തലിനെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് റെയില്‍വെ ബോര്‍ഡിന് ആര്‍സിടി ചെയര്മാന് ജസ്റ്റിസ് കെ കണ്ണന് കത്തയച്ചിരുന്നു. അഴിമതി സംബന്ധിച്ച വിവരം പുറത്തുവന്നതിനു പിന്നാലെ ആര്‍സിടിയുടെ റാഞ്ചി ബെഞ്ചില്‍ നിന്നും അദ്ദേഹത്തെ തിരുവനന്തപുരം ബെഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു.
ചീഫ് ജസ്റ്റിസിന്റെ അനുമതിയില്ലാതെ സിറ്റിങ് ജഡ്ജിയെ സസ്പെന്റ് ചെയ്യാനാവില്ലെന്ന് റെയില്‍വെ ബോര്‍ഡിന് നിയമോപദേശം ലഭിച്ചിരുന്നു. ഫയല്‍ പിന്നീട് ചീഫ് ജസ്റ്റിസിന്റെ ഓഫീസിലേക്ക് അയക്കുകയായിരുന്നു.