ചെന്നൈ: ഈ പോലീസുദ്യോഗസ്ഥരുടെ നന്മയ്ക്ക് മുന്നില്‍ ബിഗ് സല്യൂട്ട്. പ്ലാറ്റ്ഫോം ഇല്ലാത്ത സ്ഥലത്ത് നിര്‍ത്തിയ ട്രെയിനില്‍ നിന്നും ഗര്‍ഭിണിയ്ക്ക് ഇറങ്ങാന്‍ സ്വയം ചവിട്ടുപടിയായി നിന്ന തമിഴ്നാട്ടിലെ പോലീസുകാര്‍ക്ക് രാജ്യത്തിന്റെ പല ഭാഗത്തു നിന്നും അഭിനന്ദന പ്രവാഹം.
സിഗ്നല്‍ തകരാറിലായി വഴിയില്‍ കിടന്ന ട്രെയിനില്‍ നിന്നിറങ്ങാന്‍ ബുദ്ധിമുട്ടിയ ഗര്‍ഭിണിയായ യുവതിക്ക് സ്വന്തം മുതുക് ചവിട്ടു പടിയാക്കി നല്‍കിയാണ് തമിഴ്നാട് പോലീസ് വലിയ മാതൃക നല്‍കിയിരിക്കുന്നത്. തമിഴ്നാട് പോലീസ് കാണിച്ച ആ നന്മയ്ക്ക് രാജ്യമൊന്നാകെയിപ്പോള് സല്യൂട്ട് അടിക്കുകയുമാണ്.
കോണ്‍സ്റ്റബിള്‍മാരായ ധനശേഖരന്, മണികണ്ഠന് എന്നിവരാണ് യുവതിയ്ക്ക് ഇറങ്ങാന്‍ സഹായം നല്‍കിയത്. അപ്രതീക്ഷിതമായി വന്ന സിഗ്നല്‍ തകരാറിനെത്തുടര്‍ന്ന് ട്രെയിന്‍ വഴിയില്‍ നിര്‍ത്തി. രണ്ട് മണിക്കൂറോളമായിട്ടും
ഗര്‍ഭിണിയായ സ്ത്രീക്ക് അത്രയും ഉയരത്തില്‍ നിന്ന് ഇറങ്ങാന്‍ സാധിക്കില്ലായിരുന്നു. ചാടിയിറങ്ങുന്നത് അപകടവുമായിരുന്നു.
ഉയരത്തിലുള്ള കോച്ചില്‍ നിന്ന് ഗര്‍ഭിണിയെ കൈപിടിച്ചിറക്കാനോ എടുത്തിറക്കാനോ കഴിയില്ല. പിന്നെ മുന്നിലുള്ള ഒരോയൊരു മാര്‍ഗ്ഗം അവര്‍ക്കിറങ്ങാനുള്ള ചവിട്ടുപടിയാവുക തന്നെ. ഇതോടെ പോലീസുകാര്‍ രണ്ടു പേരും കുനിഞ്ഞു നിന്ന് തങ്ങളുടെ മുതുകിലൂടെ ചവിട്ടിയിറങ്ങാന്‍ സ്ത്രീയോട് പറയുകയായിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
കോച്ചില്‍ നിന്ന് ഭൂരിപക്ഷം യാത്രക്കാരെയും ഇറക്കാന്‍ സഹായിക്കുന്നതും ഇരുവരുമാണ്. ആരോഗ്യ പ്രശ്നങ്ങളുള്ള യാത്രക്കാരെ ട്രെയിനില്‍ നിന്ന് താങ്ങിയെടുത്താണ് പുറത്തെത്തിച്ചത്.
പോലീസുകാരെ പ്രശസ്തി പത്രവും പാരിതോഷികവും നല്കി തമിഴ്നാട് പോലീസ് അഭിനന്ദിക്കുകയും ചെയ്തിരുന്നു. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖരും കോണ്‍സ്റ്റബിള്‍മാരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ട്വിറ്റര്‍ അക്കൗണ്ടില്‍ സമൂഹസേവനത്തിന് ഉദാത്തമാതൃക നല്കിയ കോണ്‍സ്റ്റബിള്‍മാര്‍ക്ക് നന്ദി എന്നാണ് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്.
രാജ്യമെങ്ങും പോലീസുകാരുടെ കൃത്യനിര്‍വഹണത്തിലെ അപാതകള്ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴാണ് കാക്കിക്കുള്ളിലെ ഈ നന്മ.