ഹര്‍ദോയി: കേന്ദ്രസര്‍ക്കാരിന്റെ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ പെണ്‍കുട്ടി മരിച്ചു. സുപ്രിയ ശര്‍മ്മ എന്ന പതിനാലുകാരിയാണ് മരിച്ചത്. പനി അധികമായതിനെ തുടര്‍ന്നാണ് കുട്ടി മരണപ്പെട്ടത്. എന്നാല്‍ മകള്‍ മരിച്ചത് അധികൃതരുടെ അനാസ്ഥയെന്ന് കുടുംബം ആരോപിച്ചു.
അന്താരാഷ്ട്ര പെണ്‍കുട്ടികളുടെ ദിനത്തോട് അനുബന്ധിച്ചാണ് ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതി പ്രകാരം ജില്ലാ അധികൃതര്‍ പരിപാടികള്‍ സംഘടിപ്പിച്ചത്. പരിപാടി കഴിഞ്ഞ് സുപ്രിയ വീട്ടിലെത്തിയത് വളരെ ക്ഷീണിച്ചാണ്. പനി അധികമായതിനെ തുടര്‍ന്ന് സുപ്രിയയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ ശരിയായ രീതിയില്‍ പരിപാടി ക്രമീകരിച്ചിട്ടില്ല. പരിപാടിയില്‍ കുടിവെള്ളം പോലും സജ്ജീകരിച്ചിരുന്നില്ലെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം പരിപാടി സംഘടിപ്പിച്ച ബിഎസ്എ ഉദ്യോഗസ്ഥന് ഹേമന്ദ് റാവു ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി. അധികൃതര്‍ എല്ലാ ക്രമീകരണങ്ങളും നടത്തിയിരുന്നുവെന്നും പെണ്‍കുട്ടിയുടെ മരണത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നും ഹേമന്ദ് റാവു പറഞ്ഞു.
പരിപാടിയില്‍ കുടിവെള്ളം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യമാക്കിയിരുന്നു. കുടുംബാംഗങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഹേമന്ദ് വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഏകദേശം 1,000 സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.