ചെന്നൈ: തഞ്ചീവൂര് ബൃഹദീശ്വര ക്ഷേത്രത്തില്‍ നിന്ന് ആയിരം വര്‍ഷം പഴമുള്ള വിഗ്രഹങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി. ആദ്യ കാഴ്ചയില്‍ സംശയം തോന്നാതിരിക്കാന്‍ മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങള്‍ക്ക് പകരം വെച്ചത് വ്യാജ വിഗ്രഹങ്ങളായിരുന്നു. നടരാജ വിഗ്രഹം ഉള്‍പ്പടെ 41 അപൂര്‍വ്വ വിഗ്രഹങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
ചെന്നൈ സെയ്ദാപ്പേട്ടുള്ള വ്യവസായി രണ്‍വീര്‍ ഷായുടെ വീട്ടില്‍നിന്ന് കോടികള്‍ വിലമതിയ്ക്കുന്ന വിഗ്രഹങ്ങള്‍ കണ്ടെടുത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തഞ്ചാവൂര്‍ ക്ഷേത്രത്തില്‍ പരിശോധന നടത്തിയത്. ആദ്യ പരിശോധനയില്‍ 10 വിഗ്രഹങ്ങള്‍ നഷ്ടമായാതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എന്നാല്‍ തുടര്‍ പരിശോധനയില്‍ 31 വിഗ്രഹങ്ങള്‍ കൂടി നഷ്ടമായെന്ന് കണ്ടെത്തുകയായിരുന്നു.
അതേസമയം ഷായുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത വിഗ്രഹങ്ങള്‍ തഞ്ചാവൂര്‍ ക്ഷേത്രത്തില്‍നിന്ന് നഷ്ടമായതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. വലിയ വിലവരുന്ന പഞ്ചലോഹവിഗ്രഹങ്ങളടക്കം ക്ഷേത്രത്തില്‍ നിന്ന് നഷ്ടമായിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. അമ്പത് വര്‍ഷത്തിനുള്ളിലായിരിക്കണം കവര്‍ച്ച നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.