ലഖ്നൗ: ഉത്തര്‍പ്രദേശില്‍ പതിനാറുകാരിയെ ഒരു സംഘം യുവാക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഝാന്‍സി ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ ബലമായി കാട്ടിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് വീഡിയോയിലുള്ളത്.
സഹായത്തിനായി പെണ്‍കുട്ടി നിലവിളിക്കുന്നുണ്ടെങ്കിലും വീഡിയോ എടുത്തവര്‍ പോലും സഹായത്തിനായി എത്തിയില്ല. എന്റെ കയ്യില്‍ നിന്നും വിടൂ എന്ന് പെണ്‍കുട്ടി ഉച്ചത്തില്‍ പറയുന്നുണ്ട്. ഝാന്‍സി ടൗണില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ താമസിക്കുന്നവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.
സംഭവം അറിഞ്ഞയുടനെ തന്നെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയെന്നും പ്രതികളെ ഉടന്‍ തന്നെ പിടികൂടിയതായും ഝാന്‍സി ഡിഐജി സുഭാഷ് സിങ് ഭാഗല്‍ പ്രതികരിച്ചു. വിഷയത്തില്‍ പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും തന്റെ ഗ്രാമത്തില്‍ തന്നെയുള്ള ചിലരാണ് സംഭവത്തിന് പിന്നിലെന്നും തന്നെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നും പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞതായും പോലീസ് വ്യക്തമാക്കി.
അടുത്തിടെയായിരുന്നു യു പിയിലെ ഉനാവോ ജില്ലയില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് സ്ത്രീയെ കാട്ടുപ്രദേശത്തേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. സഹോദരന്മാരെ നിങ്ങള്‍ ഇത് ചെയ്യരുത് എന്ന് സ്ത്രീ ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോഴും അത് ചെവിക്കൊള്ളാതെ ഇവരെ ക്രൂരമായി പീഡനത്തിന് ഇരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.