ലഖ്നൗ: കാണാതായ രണ്ടു പെണ്‍കുട്ടികളുടെ തിരോധാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് കൊലപാതകം. രണ്ടു പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തുമ്പോള്‍ പോലീസ് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ യുവാവാണ് തന്റെ ഭാര്യയുടെ കൊലപാതകം വെളിപ്പെടുത്തിയത്. ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം നാടുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ വലയില്‍പ്പെട്ടത്.
ഇരുപത്തിരണ്ടുകാരനായ അതുല്‍ പാലാണ് ഭാര്യ കഞ്ചനെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചത്. രാജീവ് നഗറില്‍ നിന്ന് കാണാതായ ഒന്നും ആറും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഇലക്ട്രോണിക്സ് ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന അതുല്‍ ഈ പെണ്‍കുട്ടികളുടെ അയല്ക്കാരനായിരുന്നു. രാത്രിയില്‍ പെട്രോളിങ്ങിനെത്തിയ പോലീസിനെ കണ്ടയുടന്‍ പരുങ്ങിയ അതുലിനെ പെണ്‍കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക കാര്യം വെളിപ്പെടുത്തിയത്.
അവിഹിതം ബന്ധമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഇയാള്‍ പോലീസില്‍ മൊഴി നല്കി. 2016 ലാണ് ഇവര്‍ വിവാഹിതരായത്. 2017 ല്‍ ഭാര്യ കഞ്ചന്‍ തനിക്കെതിരെ സ്ത്രീധന പീഡനത്തിന് പരാതി നല്‍കിയിരുന്നതായും ഇക്കാരണങ്ങള്‍ കൊണ്ട് ഭാര്യയെ ഏതു വിധേനയും ഒഴിവാക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും ഇയാള്‍ അറിയിച്ചു. ഭാര്യാവീട്ടുകാരുടെ സമ്മര്‍ദം കൊണ്ടാണ് ഒരുമിച്ചു കഴിഞ്ഞിരുന്നതെന്നും തനിക്ക് അതില്‍ താല്പര്യമില്ലായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.
സംഭവദിവസം രാത്രിയില്‍ വഴക്കുണ്ടായ ശേഷം ഷാള്‍ കഴുത്തില്‍ മുറുക്കിയാണ് അതുല്‍ കഞ്ചനെ കൊലപ്പെടുത്തിയത്. ഭാര്യയുടെ മൃതശരീരം ഉപേക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ നാടുവിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അതുല്‍ മൊഴി നല്കി. മൃതദേഹം ഇയാളുടെ താമസസ്ഥലത്തു നിന്ന് പോലീസ് കണ്ടെത്തി. അതുലിനെ പോലീസ് അറസ്റ്റു ചെയ്തു.