മുംബൈ: സ്വച്ഛ് ഭാരത് പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി യുനിസെഫ്.
ആരോഗ്യ, ശുചിത്വ വിഷയങ്ങളില്‍ പ്രധാനമന്ത്രി വളരെ മികച്ച രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്ന് യുനിസെഫ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹെന്റിയറ്റ ഫോറെ പറഞ്ഞു.
ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഡോളര്‍ നിക്ഷേപിക്കുന്നുണ്ടെങ്കില്‍ ആരോഗ്യ സംരക്ഷണത്തിനുള്ള നാല് ഡോളര്‍ ലാഭിക്കാനാകും. ചികില്‍സ തേടുന്നതും മരുന്നു വാങ്ങുന്നതുമെല്ലാം ഇതിലൂടെ ഒഴിവാക്കാം.
ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കു പ്രധാനമന്ത്രി ഏറെ പ്രാധാന്യം നല്കുന്നു. ജനങ്ങള്‍ മഹാത്മാ ഗാന്ധിക്കായി ഇതു ചെയ്യാന്‍ ആഗ്രഹിക്കുന്നു. ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ അവര്‍ അഭിമാനിക്കുന്നു, കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതിയെ പരാമര്‍ശിച്ചു യുനിസെഫ് ഡയറക്ടര്‍ പറഞ്ഞു.
യുനിസെഫും നാഷനല്‍ സ്റ്റോക് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനു മുംബൈയിലെത്തിയതായിരുന്നു അവര്‍. ശുചിത്വപ്രവര്ത്തനങ്ങള്ക്കായുള്ള നിക്ഷേപം സാമ്പത്തികമായ നേട്ടമുണ്ടാക്കില്ല. പക്ഷേ, സമൂഹം നല്ലതാണെന്ന തോന്നലുണ്ടായാല്‍
പുരോഗതി ആവശ്യമുള്ള മറ്റു മേഖകളിലേക്കു ശ്രദ്ധിക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ശിശു മരണ നിരക്കു കുറഞ്ഞു വരികയാണ്. ശുചിത്വ ഇന്ത്യ മരണ നിരക്ക് കുറച്ചുകൊണ്ടുവരികയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതു ശരിയായ പാതയാണെന്നും ഫോറെ പറഞ്ഞു.
ഇന്ത്യയെപോലെ ഒരു വികസ്വര രാഷ്ട്രത്തിനു ആരോഗ്യ സംരക്ഷണമെന്നതു സുപ്രധാനമായ വെല്ലുവിളിയാണ്. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തിന് അതീതമായി പോഷകം, ആരോഗ്യം, ശുചിത്വം, ജലസംരക്ഷണം തുടങ്ങിയവയാണു ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു
സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ രാജ്യത്തിന്റെ ശുചിത്വം 38ല്‍നിന്നു 80 ശതമാനമായതായി പ്രധാനമന്ത്രി മോഡി അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്ക്കും യുഎന്‍ ചാംപ്യന്‍സ് ഓഫ് എര്ത് പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.