മുംബൈ: കാലിലെ മുറിവിനു പകരം കാന്‍സറിന്റെ മരുന്നു മാറി നല്‍കിയതിനെ തുടര്‍ന്നു രോഗി മരിച്ച സംഭവത്തില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമ അറസ്റ്റില്‍. മുംബൈയിലാണ് കേസിന് ആസ്പദമായ സംഭവം. കാലിലെ മുറിവിനുള്ള മരുന്നിന് പകരം മെഡിക്കല്‍സ്റ്റോര്‍ ഉടമ കാന്‍സറിന്റെ മരുന്നാണ് നല്‍കിയത്. ഇതേതുടര്‍ന്ന് മരുന്ന് കഴിച്ചയുടന്‍ രോഗി മരിക്കുകയും ചെയ്തു. ദിഗംബര്‍ ധുരിക്കു എന്ന ആളാണ് മരിച്ചത്.
മലാഡ് ഈസ്റ്റിലെ കല്‍പേശ് മെഡിക്കല്‍ സ്റ്റോര്‍ ഉടമ കല്‍പേശ് വ്യാസ് ആണ് തെറ്റായ മരുന്നു നല്‍കിയത്. ധുരിയുടെ മരണത്തിനു പിന്നാലെ കല്പേശിന്റെ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) റദ്ദാക്കി. കടയില്‍ ലൈസന്‍സുള്ള ഫാര്‍മസിസ്റ്റ് ഇല്ലായിരുന്നുവെന്നും കണ്ടെത്തി.