മേട്ടുപ്പാളയം: ഊട്ടിയിലേയ്ക്കുള്ള നീലഗിരി പൈതൃക തീവണ്ടി കൊടുംകാട്ടില്‍ കുടുങ്ങി. എന്ജിന് തകരാര്‍ മൂലമാണ് വണ്ടി കാട്ടില്‍ കുടുങ്ങിയത്. 200ഓളം യാത്രികരാണ് വാഹനത്തിലുള്ളത്. ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടിയാണ് കാട്ടിനകത്തെ അടര്‍ലി സ്റ്റേഷന് സമീപം രാവിലെ എട്ടുമണി മുതല്‍ നില്‍ക്കുന്നത്.
ഭീതി പടര്‍ത്തി പ്രദേശത്ത് കനത്ത മഴയുമുണ്ട്. യാത്രക്കാരെ കൂടാതെ പത്തോളം ജീവനക്കാരും ട്രെയിനിലുണ്ട്. രാവിലെ ഏഴു മണിക്ക് കയറിയ യാത്രക്കാര്‍ അഞ്ച് മണിക്കൂറിന് ശേഷവും ഭക്ഷണം കിട്ടാതെ വലയുകയാണ്. കനത്ത മഴയും തണുപ്പും യാത്രക്കാരുടെ ആരോഗ്യനിലയെ സാരമായി ബാധിക്കുന്നുണ്ട്. മേട്ടുപ്പാളയത്ത് പകരം എന്ജിന് രണ്ടുവര്‍ഷമായി ഇല്ലാത്തത് കാരണം ഉടന്‍ യാത്രക്കാരെ കൊണ്ടുവരാനും സാധിക്കില്ല.
ഇതോടെ കൂനൂരില്‍ നിന്നും മറ്റൊരു എന്ജിന് ഘടിപ്പിച്ച മൂന്നു ബോഗികള്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കൂനൂരില്‍ നിന്ന് പുറപ്പെട്ട വണ്ടി എത്തിയാല്‍ മാത്രമെ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. സാധാരണ മഴക്കാലങ്ങളില്‍ ഈ പാതയില്‍ കല്ലും മണ്ണും വീഴാനുള്ള സാധ്യത അധികമാണ്. ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയതോതിലുള്ള മണ്ണ് വീഴ്ച തീവണ്ടിയില്‍ കൂടെ സഞ്ചരിക്കുന്ന ജീവനക്കാര്‍ തന്നെ ശരിയാക്കുകയാണ് പതിവ്.