സോഷ്യല്‍മീഡിയയില്‍ വീഡിയോകളുമായി മോഡിയെ നിശിതമായി വിമര്‍ശിക്കുന്നൊരു യുവാവ്, വീഡിയോകള്‍ വൈറലായതോടെ ധ്രുവ് രതി എന്ന ഇരുപത്തിമൂന്നുകാരന് നവമാധ്യമങ്ങളില്‍ താരമായി.
സിനിമാമോഹവും ഫോട്ടോഗ്രഫിയോടുള്ള താത്പര്യവുമായി ഒക്കെ നടന്ന ഒരു ചെറുപ്പക്കാരന് വലിയ ആഗ്രഹങ്ങളൊന്നുമില്ലാതെയാണ് നാലുവര്‍ഷം മുമ്പ്
വീഡിയോ പോസ്റ്റ് ചെയ്തത്. അന്ന് ശ്രദ്ധിക്കപ്പെടുമെന്നോ വീഡിയോ വൈറലാകുമെന്നോ അങ്ങനെ യാതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ‘ബിജെപി എക്സ്പോസ്ഡ്: ലൈസ് ബിഹൈന്റ് ദ ബുള്‍ഷിറ്റ്’ എന്ന തലക്കെട്ടിലുളള മ്യൂസിക് വീഡിയോ ആയിരുന്നു അത്. മോഡി സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനമായിരുന്നു വീഡിയോയില്‍ നിറയെ.
തെരഞ്ഞെടുപ്പിനു മുമ്പ് മോഡി നല്കിയ വാഗ്ദാനങ്ങള്‍ അധികാരത്തിലെത്തിയതിനു പിന്നാലെ മറക്കാന്‍ തുടങ്ങിയതിനെ ആ ചെറുപ്പക്കാരന് നിശിതമായി വിമര്‍ശിച്ചു. ഭരണസംവിധാനങ്ങളിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ട യുവത്വത്തിന്റെ സ്വരമായിരുന്നു അവന്.
മോഡി സര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ചു കൊണ്ട് പിന്നെയും നിരവധി വിഡിയോകള്‍ പ്രത്യക്ഷപ്പെട്ടു. ഇന്ന് ധ്രുവ് രതിക്ക് യുട്യൂബില്‍ അഞ്ചു ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സും ഫേസ്ബുക്ക് പേജിന് മൂന്നുലക്ഷത്തിലേറെ ലൈക്കുകളുമുണ്ട്. യുട്യൂബ് ചാനലിന്റെ എബൗട്ട് മി സെക്ഷനില്‍ പറയുന്നതിങ്ങനെ: ” ജനങ്ങള്‍ക്കിടയില്‍ വിമര്‍ശനാത്മക ചിന്തയും ബോധവത്കരണവും സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം”.
സംഘപരിവാര്‍, ബിജെപി ഭാഗത്തുനിന്നും വരുന്ന വ്യാജവാര്‍ത്തകളെ വിമര്‍ശിച്ചു കൊണ്ടുള്ള വീഡിയോകളാണ് ധ്രുവ് പോസ്റ്റ് ചെയ്യുന്നതിലധികവും. രാജ്യം ചര്‍ച്ച ചെയ്ത സുപ്രധാന വാര്‍ത്തകള്‍ പലതും വീഡിയോക്ക് വിഷയങ്ങളായി. ഉറി ആക്രമണം, സര്‍ജിക്കല്‍ സ്ട്രൈക്ക്, നോട്ടുനിരോധനം, യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായത്, ധനകാര്യബില്‍, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീന് ഹാക്കിങ്ങ് അങ്ങനെ പല വിഷയങ്ങളിലും ധ്രുവ് ബിജെപിയെ നിശിതമായി വിമര്‍ശിച്ചു. മോഡിയുടെയും രാഹുലിന്റെയും പ്രസംഗങ്ങളില്‍ ആരായിരുന്നു മികച്ചത്? കറന്‍സി നിരോധനം കൊണ്ട് ആര്‍ക്കാണ് ലാഭമുണ്ടായത്? അങ്ങനെ പല കാര്യങ്ങളിലും സധൈര്യം അഭിപ്രായ പ്രകടനം നടത്തി.
വീഡിയോകള്‍ വൈറലായെങ്കിലും ഈ യുവാവിനെതിരെ പ്രധാനപ്പെട്ട ആരോപണമുണ്ടാകുന്നത് ഇക്കഴിഞ്ഞ മെയ് മാസം ബിജെപി പ്രവര്ത്തകന് എന്നവകാശപ്പെട്ട വികാസ് പാണ്ഡെ എന്നയാള്‍ ഡല്‍ഹിയില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ്. ‘ഐ സപ്പോര്‍ട്ട് നരേന്ദ്രമോഡി’ എന്ന പേജിലൂടെ വികാസ് പാണ്ഡെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നു എന്നാണ് ധ്രുവ് വീഡിയോയിലൂടെ പറഞ്ഞത്. വികാസ് പാണ്ഡെയുടെ പരാതിക്ക് മറുവീഡിയോയും ധ്രുവ് പുറത്തിറങ്ങി. പരാതിയില്‍ പറയുന്ന ആരോപണങ്ങളെ വസ്തുതകള്‍ സഹിതം ഖണ്ഡിച്ചു കൊണ്ടായിരുന്നു വീഡിയോ.
പിന്നീട് എംപി വിജയ് ഗോയലും പരിഹാസവുമായെത്തി. 99% വിദ്വേഷ പ്രചാരകരും കൂലിക്കാരോ അല്ലാത്തവരോ ആയ മോഡി ഭക്തരാണ് എന്ന വിമര്‍ശനത്തിന് ‘ദിവാസ്വപ്നം കാണുന്നത് നല്ലതല്ല കുട്ടീ’ എന്നായിരുന്നു ഗോയലിന്റെ പരിഹാസം. ”
‘എനിക്കറിയാം അമ്മാവാ. വിദേശ ഫണ്ടിങ് നിയമാനുസൃതമാക്കിയശേഷവും
അഴിമതി രഹിത ഇന്ത്യയെന്ന ദിവാസ്വപ്നം വില്‍ക്കുന്നത് ഇനിയെങ്കിലും മതിയാക്കൂവെന്ന് മോഡിയോട് പോയി പറയൂ” എന്നായിരുന്നു ധ്രുവിന്റെ മറുപടി.
2011-12 കാലയളവില്‍ അണ്ണാ ഹസാരെയുടെ സമരകാലത്താണ് താന്‍ രാഷ്ട്രീയം ശ്രദ്ധിച്ചു തുടങ്ങിയതെന്ന് ധ്രുവ് പറയുന്നു. അന്ന് ബോര്‍ഡ് പരീക്ഷയുടെ സമയമായതിനാല്‍ രാംലീല മൈതാനിയില്‍ നടന്ന സമരത്തില്‍ പങ്കെടുക്കാനായില്ല. ഇപ്പോള്‍ യൂറോപ്പിലുള്ള ധ്രുവ് ഇന്ത്യയിലേക്കു വരാന്‍ താത്പര്യമില്ലെന്നാണ് പറയുന്നത്.