ന്യൂഡല്‍ഹി: ഫോണില്‍ വരുന്ന കോളുകള്‍ ആരുടെയെന്ന് തിരിച്ചറിയാനാണ് വ്യാപകമായി ട്രൂകോളര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇനി സന്ദേശങ്ങള്‍ കൈമാറാനും ട്രൂ കോളറിലൂടെ സാധിക്കും. തല്‍സമയ സന്ദേശ കൈമാറ്റം സാധ്യമാകുന്ന ട്രൂ കോളര്‍ ചാറ്റിന്റെ ലോഞ്ചിംഗ് ഇന്നലെ നടന്നു. എസ്എംഎസ് ചാറ്റ് ഓപ്ഷനുകള്‍ ഓട്ടോമാറ്റിക്കായി തന്നെ മാറിമാറുവരുമെന്നതാണ് ഇതിന്റെ സവിശേഷത. പൂര്‍ണമായും മീഡിയ സപ്പോര്‍ട്ടിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
സ്പാം പ്രശ്നത്തെ നേരിടാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനും സഹകരിക്കുന്നതിനും പുതിയ മാറ്റം സഹായിക്കുമെന്ന് ട്രൂ കോളര്‍ വൈസ് പ്രസിഡന്റ് റിഷിറ്റ് ജുന്‍ജുന്‍വാല ഒരു പ്രസ്താവനയില്‍ പറഞ്ഞു. വ്യാജ വാര്‍ത്തകളും തെറ്റായ ലിങ്കുകളും തിരിച്ചറിയാനും ഉപഭോക്താക്കള്‍ക്കുതന്നെ അവ റിപ്പോര്‍ട്ട് ചെയ്യാനുമുള്ള ഓപ്ഷന് ട്രൂ കോളര്‍ ചാറ്റിലുണ്ട്. വൈറസ് ആക്രമണം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്.
കഴിഞ്ഞ ജൂലൈയില്‍ ട്രൂ കോളര്‍, കോള്‍ റെക്കോര്‍ഡിംഗ് ഓപ്ഷന് അവതരിപ്പിച്ചിരുന്നു. ബിസിനസ്സ് രംഗത്തുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും ഏറെ സഹായകരമാകുന്ന ഓപ്ഷനിലൂടെ അപരിചിതരുമായുള്ള സംഭാഷണങ്ങളുടെ ട്രാക്ക് സൂക്ഷിക്കുന്നതിനും സഹായിക്കുന്നതാണ്. ആന്‍ഡ്രോയിഡ് പ്ലാറ്റഫോമില്‍ പ്രവര്‍ത്തിക്കുന്നതായിരുന്നു ഈ കോള്‍ റെക്കോര്‍ഡിംഗ് ഫീച്ചര്‍.