ഹൈദരബാദ്: കടബാധിതകള്‍ താങ്ങാനാകാതെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭാര്യയെ ചുമലിലേറ്റി ആദിവസി യുവാവ് നിര്‍ത്താതെ ഓടിയത് മൂന്ന് കിലോമീറ്റര്‍. കൈവെള്ളയില്‍ കിടന്ന ഭാര്യയുടെ ജീവന് നഷ്ടമായതും അറിയാതെയായിരുന്നു ജീവന് രക്ഷിക്കാനുള്ള പാച്ചില്‍. റാത്തോഡ് റാം എന്ന 35 കാരനായ കര്ഷകന് ഭാര്യ പുഷ്പലതയെ രക്ഷിക്കാനായി നടത്തിയ ശ്രമം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.
മരണം അറിയാതിരുന്നിട്ടും ജീവന് നിലനിര്‍ത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം ഏവരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു. തെലുങ്കാനയിലെ കുരംഭീം അസീഫാബാദ് ജില്ലയിലാണ് സംഭവം. സമീപവാസികള്‍ പറയുന്നത് അനുസരിച്ച് റാമും ഭാര്യയും അഞ്ച്ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്തു പരുത്തികൃഷി ചെയ്തു വരികയായിരുന്നു. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി നഷ്ടത്തിലായി.
മുടക്കു മുതല്‍ പോലും കൃഷിയില്‍ നിന്നു തിരിച്ചു കിട്ടില്ല എന്നു മനസിലായതോടെ ഇവര്‍ മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നു സമീപവാസികള്‍ പറയുന്നു. നിരാശ ബാധിച്ച പുഷ്പലത കൃഷി സ്ഥലത്തു വെച്ച് കുപ്പിയില്‍ കരുതിയ വിഷം കഴിക്കുകയായിരുന്നു. ഉടനെ ഇവര്‍ പാടത്തു കുഴഞ്ഞുവീണു. സംഭവം കണ്ടു നിന്ന റാം പുഷ്പലതയേയും ചുമലിലേറ്റി ആശുപത്രി ലക്ഷ്യമാക്കി പായുകയായിരുന്നു.
വാഹനം കിട്ടുന്ന ഏറ്റവും അടുത്ത വഴിയിലേയ്ക്ക് എത്താന്‍ റാമിന് ഒരു പുഴമുറിച്ചു കടന്നു മൂന്നു കിലോമീറ്റര്‍ കൂടി കാല്‍നടയായി പോകേണ്ടിയിരുന്നു. മൂന്നു കിലോമീറ്ററിലധികം പിന്നിട്ടപ്പോള്‍ റാമിന് ഒരു ഓട്ടോ കിട്ടി. ഇതില്‍ കയറ്റി ഉടന്‍ തന്നെ ഭാര്യയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലേയ്ക്കുള്ള യാത്രക്കിടയില്‍ തന്നെ അവര്‍ മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ റാമിനെ അറിയിച്ചു.