ന്യൂഡല്‍ഹി: വിമാനത്തില്‍വെച്ച് അനുവാദമില്ലാതെ തങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്തുവെന്ന രണ്ട് സ്ത്രീകളുടെ പരാതിയില്‍ ടൈംസ് നൗ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്റര്‍ അറസ്റ്റില്‍. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിനാണ് എക്സിക്യൂട്ടീവ് എഡിറ്റര്‍ വിവേക് നാരായണനെ പോലീസ് അറസ്റ്റ് ചെയ്തത്
ഇന്ത്യന്‍ ശിക്ഷാ നിയമം 509 പ്രകാരമാണ് കേസ്. ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ വച്ച് എടുത്ത ചിത്രമാണ് കേസിനും അറസ്റ്റിനും ആധാരം.
വിമാനത്തില്‍ അടുത്തടുത്ത സീറ്റുകളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ ചേര്‍ത്ത് വിവേക് സെല്‍ഫി എടുത്തതാണ് പരാതിക്ക് ആധാരം. ഫോട്ടോയെടുത്തത്് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ കൂടുതല്‍ ഫോട്ടോകള്‍ എടുത്തതായും സ്ത്രീകളുടെ പരാതിയില്‍ പറയുന്നു.
ഡല്‍ഹിയില്‍ വിമാനമറങ്ങിയ സ്ത്രീകള്‍ സുരക്ഷാ ഏജന്‍സി മുമ്പാകെ പരാതി നല്കി. വിവേകിനെ പിടികൂടിയ ഇവര്‍ പിന്നീട് ഇയാളെ പോലീസിന് കൈമാറുകയായിരുന്നു. വിവേകിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വിവേകിന്റെ ഫോണില്‍നിന്നും സ്ത്രീകളുടെ ഫോട്ടോ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇതേക്കുറിച്ച് വിവേക് നാരായണിന്റെ പ്രതികരണം ലഭ്യമല്ല.
വിവേക് റിസര്‍വ് ചെയ്ത സീറ്റില്‍ ഇരിക്കുന്നതുമായി ബന്ധപ്പെട്ട് ഈ രണ്ട് സ്ത്രീകള്‍ അടങ്ങുന്ന ഏഴംഗസംഘം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതായി വിവേക് നാരായണിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു.