ചെന്നൈ: സര്‍ക്കാരിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓട വൃത്തിയാക്കി നിര്‍വഹിച്ച് പുതുച്ചേരി മുഖ്യമന്ത്രി നാരായണസാമി. ഫോട്ടോയ്ക്ക് വേണ്ടിയല്ല ഇത് ചെയ്യുന്നതെന്നും പ്രവര്‍ത്തകരെല്ലാം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണെമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പുതുച്ചേരി കാമരാജ റോഡിലുള്ള അഴുക്കുചാലിലാണ് നാരയാണസാമി ഇറങ്ങി വൃത്തിയാക്കിയത്. പലരും ചെയ്യാന്‍ മടിക്കുന്ന കാര്യം ഒരു മുഖ്യമന്ത്രി ചെയ്തതിനെയാണ് സമൂഹമാധ്യമങ്ങള്‍ കയ്യടിച്ച് പിന്തുണയ്ക്കുന്നത്. മറ്റ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമൊക്കെ ഈ പ്രവര്‍ത്തനം കാണണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
താഴെ ഇറങ്ങാതെ ചെയ്യാന്‍ പ്രവര്‍ത്തകരും പോലീസും പറഞ്ഞെങ്കിലും നാരായണസാമി കൂട്ടാക്കിയില്ല. തൂമ്പയുമായി ഓടയിലിറങ്ങി. മുട്ടോളം അഴുക്കുവെള്ളത്തില്‍ നിന്നുകൊണ്ട് മാലിന്യം നീക്കം ചെയ്തു.
അര മണിക്കൂറോളം ശുചീകരണ യജ്ഞത്തില്‍ പങ്കാളിയായാണ് മുഖ്യമന്ത്രി മടങ്ങിയത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണര്‍ കിരണ്‍ബേദിയുടെ നേതൃത്വത്തില്‍ പുതുച്ചേരിയില്‍ നടക്കുന്നുണ്ട്. അതിനെ മറിക്കാനുള്ള നീക്കങ്ങളുമായി നാരായണസാമിയും കളംനിറയുകയാണ്.
മുഖ്യമന്ത്രി തന്നെ നേരിട്ടിറങ്ങി പ്രവര്‍ത്തിച്ചാണ് മാതൃക കാട്ടിയത്. കിരണ്‍ ബേദിയും നാരായണസാമിയും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് സര്‍ക്കാരിന്റെ ആരോപണം.
ഗവര്‍ണര്‍ ശുപാര്‍ശ ചെയ്ത എംഎല്‍എമാരെ നിയമസഭയില്‍ കയറ്റാന്‍ നാരായണസാമി തയ്യാറാവാത്തതടക്കം നിരവധി വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ ശക്തമായ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിനെ കണക്കിലെടുക്കാതെ സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളുമായി കിരണ്‍ ബേദിയും മുന്നോട്ട് പോവുകയാണ്.
#SwachhataHiSeva HCM @VNarayanasami himself gets down to clean the drainage at Nellithope area, #Puducherry today . pic.twitter.com/i3bEgM3oft
— CMO Puducherry (@CMPuducherry) 1 October 2018