ന്യൂഡല്‍ഹി: ആണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് പ്രതികള്‍ക്ക് കടുത്ത ശിക്ഷ. നിയമഭേദഗതിയ്ക്കുള്ള നിര്‍ദ്ദേശം കേന്ദ്രമന്ത്രിസഭയ്ക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്ന് ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയ വൃത്തങ്ങള്‍.
2012ലെ പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ അധികൃതര്‍ തയ്യാറായില്ല. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമമാണ് പോക്സോ.
അതേസമയം, 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി വധശിക്ഷ വരെ നല്‍കാവുന്ന വിധത്തില്‍ പോക്സോ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇക്കൂട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് എതിരെയുള്ള ലൈഗിക അതിക്രമങ്ങള്‍ തടയാനുള്ള നിയമവും ഉള്‍പ്പെടുത്തുമെന്നാണ് വിവരം. നിയമത്തില്‍ ലിംഗ സമത്വം കൊണ്ടുവരുന്നതിനാണ് കേന്ദ്രനീക്കം.
2007ല്‍ വീടുകള്‍, സ്‌കൂള്‍, തൊഴിലിടം എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ ഏതാണ്ട് പകുതിയില്‍ അധികം കുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നതായി കണ്ടെത്തിയിരുന്നു. ഇരകളില്‍ 53 ശതമാനം പേരും ആണ്‍കുട്ടികളായിരുന്നു.
നേരത്തെ, ആണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് വേണ്ടത്ര നിയമങ്ങള്‍ രാജ്യത്തില്ലെന്ന വാദത്തെ കേന്ദ്രമന്ത്രി മേനകാ ഗാന്ധി പിന്തുണച്ചിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു പോലെ ലൈംഗികാതിക്രമത്തിന് ഇരകളാകുന്നുണ്ട്. എന്നാല്‍ കുട്ടിക്കാലത്ത് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ആണ്‍കുട്ടികള്‍ ഇക്കാര്യം പുറത്ത് പറഞ്ഞാലുണ്ടാകുന്ന നാണക്കേടും സംഭവത്തിലെ ഞെട്ടലും കാരണം ജീവിതകാലം മുഴുവന്‍ മൂടിവയ്ക്കും. ഗുരുതരമായ ഇത്തരം സംഭവങ്ങളും പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞിരുന്നു.