മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയെ ഒഴിവാക്കി മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. ഇതു സംബന്ധിച്ച് അണികള്‍ക്ക് നിര്‍ദ്ദേശം നല്കി. കഴിഞ്ഞ ദിവസം നടന്ന അവിശ്വാസ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യാത്തതും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തിയതും അംഗീകരിക്കാന്‍ ആകില്ലെന്നാണ് അമിത് ഷായുടെ നിലപാട്.
ഇതോടെ സാങ്കേതികമായി മാത്രം എന്‍ഡിഎയുടെ ഭാഗമായ ശിവസേനയെ മാറ്റി നിറുത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപിയുടെ പദ്ധതി. മുംബൈയില്‍ സംസ്ഥാന നേതാക്കളുടെയും എംപിമാരുടെയും യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
ബിജെപി നേതൃത്വവുമായി ശിവസേന അടുത്തിടെയായി ഇടഞ്ഞു നില്‍ക്കുകയാണ്. പ്രത്യക്ഷമായും പരോക്ഷമായും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചെങ്കിലും അവസാന നിമിഷം ഇവര്‍ വിട്ടുനില്‍ക്കുകയായിരുന്നു.
അടുത്ത ദിവസം രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മുഖപത്രമായ സാമ്നയില്‍ വന്ന മുഖപ്രസംഗവും ബിജെപിയെ ചൊടിപ്പിച്ചു. അവിശ്വാസ പ്രമേയത്തെ മറികടക്കാന്‍ മോഡി സര്‍ക്കാരിന് കഴിഞ്ഞുവെങ്കിലും ഹൃദയംകൊണ്ട് വിജയിച്ചത് രാഹുല്ഗാന്ധിയായിരുന്നുവെന്ന് സാമ്ന ചൂണ്ടിക്കാട്ടിയത്. വിശ്വാസവോട്ടെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാര്‍ക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്ന് ശിവസേന ചീഫ്വിപ്പ് ചന്ദ്രകാന്ദ് ഖൈറയെ മാറ്റിയിരുന്നു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും അസംബ്ലി തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. പല്‍ഘാറില്‍ നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ശിവസേന ബിജെപിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിറുത്തുകയും ചെയ്തിരുന്നു. തങ്ങളുടെ സഖ്യകക്ഷിയായ ബിജെപിയെ മുന്‍കാലങ്ങളില്‍ പരസ്യമായി പിന്തുണച്ചിരുന്നെന്നും എന്നാല്‍ ഇനി പരസ്യമായി എതിര്‍ക്കുമെന്നും ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും അഭിപ്രായപ്പെട്ടു. ഇതോടെ ബിജെപി – ശിവസേന വേര്‍പിരിയല്‍ ഏകദേശം ഉറപ്പായി.