ഭോപ്പാല്‍: ജാതി അടിസ്ഥാനമാക്കിയുള്ള റിസര്‍വേഷന്‍ റദ്ദാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി ഉമാ ഭാരതി. പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ പാര്‍ലമെന്റിന്റെ ഭേദഗതിക്കെതിരെ മധ്യപ്രദേശിലെ ചില മേല്‍ജാതി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടികജാതി-പട്ടികവര്‍ഗ നിയമ പ്രകാരം അടിയന്തിര അറസ്റ്റുണ്ടാകണമെന്ന വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതാണ് പുതിയ ഭേദഗതി. ഇതിന് പിന്നാലെ സുപ്രീംകോടതി നിയമത്തില്‍ ചില സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിനെതിരേയാണ് മധ്യപ്രദേശിലെ മേല്‍ജാതി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭേദഗതി പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുണ്ടെന്നും അത് റദ്ദാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മേല്‍ജാതി സംഘടനകള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
എന്നാല്‍ ഉചിതമായ അന്വേഷണത്തിന് ശേഷമേ പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരം പരാതികള്‍ രജിസ്റ്റര്‍ ചെയ്യുകയുള്ളൂവെന്ന് ഉമാ ഭാരതി പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് വ്യക്തമാക്കി.