ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ 11 പേരുടെ ദുരൂഹ കൂട്ടമരണത്തോടെ ഡല്‍ഹിയിലെ ബുരാരി പ്രേതഭൂമിയായി മാറിയിരിക്കുകയാണ്. പ്രേതാത്മാക്കള്‍ അവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുവെന്നുമുള്ള പ്രചരണത്തെ തുടര്‍ന്ന് പലരും തങ്ങളുടെ വീട് ഉപേക്ഷിച്ചു പോകുകയാണ്. ഇതോടെ ബുരാരി നിവാസികള്‍ക്ക് ഇപ്പോള്‍ മനസമാധാനം നഷ്ടപ്പെട്ടിരിക്കുകയാണ്. .
അതേസമയം, ബുരാരിയുടെ ചീത്തപ്പേര് മാറ്റാന്‍ ഹിപ് ഹോപ്പ് പ്രകടനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു സംഘം യുവാക്കള്‍. ബുരാരിയുടെ നെഗറ്റീവ് ഇമേജ് മാറ്റാന്‍ ക്വേക്ക് ഡാന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ബുരാരിയില്‍ പ്രകടനം നടന്നു. നര്ത്തകന് സന്ദീപ് പഞ്ചലിന്റെ നേതൃത്വത്തിലാണ് യുവാക്കള്‍ ഡാന്‍സ് അവതരിപ്പിച്ചത്.
നൃത്ത പ്രകടനങ്ങള്‍ മാനസിക സമ്മര്‍ദത്തില്‍ നിന്നുള്ള മോചനം കൂടിയാണെന്ന് ആര്‍ഡിഎക്സ് കിംഗ്സ് എന്ന ഗ്രൂപ്പില്‍ അംഗമായ തരുണ്‍ ശര്‍മ്മ എന്ന 19കാരന് പറഞ്ഞു. ഭാട്ടിയ കുടുംബത്തിന്റെ മരണത്തിന് ശേഷം ബുരാരിയിലെ സ്വന്തം വീട്ടില്‍ തരുണ്‍ ഉറങ്ങിയിട്ടില്ല. ബുരാരിയിലെ വീട്ടിലിരിക്കുമ്പോള്‍ വല്ലാത്ത ഭീതി മനസിനെ ബാധിക്കുന്നുണ്ടെന്ന് തരുണ്‍ പറഞ്ഞു. മരിച്ചവരെ വ്യക്തിപരമായി അറിയുന്നത് കൊണ്ട് കൂടിയാകാം ഈ ഭയം ബാധിച്ചത്. ആത്മഹത്യാ കോളനി എന്ന പേര് മാറ്റിയെടുക്കുന്നതിന് വേണ്ടിയുള്ള കലാപ്രകടനത്തിന് തയ്യാറെടുക്കുകയാണ് ഈ യുവാവ്.
സംഗീതത്തിന്റേയും റാപ്പ് കള്‍ച്ചറിന്റെയും പശ്ചാത്തലമുള്ള പ്രദേശമാണ് ബുരാരി. മിന്‍സ്, നിക്ക്, അക്കായി, സ്കൈ, കാല്വിന്, ആര്‍ഡിഎക്സ് കിംഗ് തുടങ്ങി നിരവധി റാപ്പ് ബാന്‍ഡുകള്‍ ബുരാരിയിലുണ്ട്. ബോളിവുഡിലെ പ്രശസ്തനായ ഇക്ക സിംഗ് ബുരാരിക്കാരനാണ്. സംഗീത-കലയും ഉള്‍പ്പെടെ നല്ല പാരമ്പര്യമുള്ള സ്ഥലമാണ് ബുരാരിയെന്ന് പ്രദേശവാസികള്‍ എല്ലാവരും ഒന്നടങ്കം പറയുന്നു. എന്നാല്‍ ഇപ്പോള്‍ കൂട്ടമരണത്തിന്റെ പേരില്‍ അറിയപ്പെടാനാണ് പ്രദേശത്തിന്റെ ദുര്‍ഗതി. ബുരാരിയിലെ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിന് പോലും വന്‍ തിരിച്ചടിയുണ്ടായ സംഭവമാണ് ഭാട്ടിയ കുടുംബത്തിന്റെ കൂട്ടമരണം.
ജൂലൈ ഒന്നിനാണ് ബുരാരിയില്‍ ദുരൂഹമായ കൂട്ടമരണം നടന്നത്. നാരായണ ദേവി (77), മക്കളായ ഭുവനേഷ് (50), ലളിത് (45), ഇവരുടെ ഭാര്യമാരായ സവിത (48), ടീന (42), നാരായണ ദേവിയുടെ മറ്റൊരു മകള്‍ പ്രതിഭ (57), ചെറുമക്കളായ പ്രിയങ്ക (33), നിതു (25), മോനു (23), ധ്രുവ് (15), ശിവം (15) എന്നിവരാണ് മരിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായ മരണമാണ് ബുരാരിയില്‍ നടന്നതെന്നാണ് പോലീസ് നിഗമനം. മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം തുടരുകയാണ്.