ദിസ്പൂര്‍: ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി കൈകാര്യം ചെയ്തിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അസം പോലീസാണ് സുലൈമാന്‍ അലി എന്ന മുപ്പതുകാരനെ അറസ്റ്റ് ചെയ്തത്. ഡിജിപി കുല്‍ധാര്‍ സൈകിയ, ഗുവഹാത്തി കമ്മീഷണര്‍ ഹിരണ്‍ നാഥ് എന്നിവരുടെ ഉള്‍പ്പെടെ 17 പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ പ്രൊഫൈലുകളാണ്് ഇയാള്‍ ഉണ്ടാക്കിയത്.
ശനിയാഴ്ചയാണ് ഇയാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പ്രൊഫൈലുകളും അലി ഉണ്ടാക്കിയിരുന്നു.
ദുരുദ്ദേശ്യമൊന്നും ഇല്ലായിരുന്നുവെന്നും തമാശയ്ക്കാണ് താനത് ചെയ്തതെന്നും അലി പറഞ്ഞതായി കമ്മീഷണര്‍ അറിയിച്ചു. പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി തനിക്ക് അടുപ്പമുണ്ടെന്ന് കാണിക്കാനായിരിക്കും അലി ഇങ്ങനെ ചെയ്തതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.
റിട്ട. സൂപ്രണ്ട് എന്‍ജിനീയറുടെ മകനായ അലി തൊഴില്‍രഹിതനാണ്. ഇയാളുടെ പക്കല്‍ നിന്ന് 47 മൊബൈല്‍ ഫോണുകളും 13 ടാബുകളും 15 സിം കാര്‍ഡും പോലീസ് പിടിച്ചെടുത്തു. ഡിജിപിയുടേതടക്കം വ്യാജ പ്രൊഫൈലുകള്‍ ശ്രദ്ധയില്‍ പെട്ടതോടെ ജൂണിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. അക്കൗണ്ടുകള്‍ക്കൊപ്പം നല്കിയ ഫോണ്‍നമ്പറുകള്‍ വ്യാജമായിരുന്നത് അന്വേഷണത്തെ ബാധിച്ചിരുന്നു.
ഞായറാഴ്ച മജിസ്ട്രേറ്റിനു മുന്നില്‍ അലിയെ ഹാജരാക്കും. ഇതിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇയാളെ ഒരാഴ്ച കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ അപേക്ഷിക്കുമെന്ന് പോലീസ് പറഞ്ഞു.