ചെന്നൈ: ആട് വില്‍പ്പനക്കാരന്റെ ആസ്തി കണ്ട് ഞെട്ടി ആദായനികുതി വകുപ്പ്. സിനിമാകഥയെ വെല്ലുന്ന ജീവിതവുമായി മധുര സ്വദേശിയായ സെയ്യദുരൈയാണ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സെയ്യദുരൈയുടെ 163 കോടിയുടെ അനധികൃത ആസ്തിയാണ് അധികൃതര്‍ കണ്ടെത്തിയത്. ഇത് കൂടാതെ 100 കിലോ ഗ്രാം സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. പത്തോളം സ്ഥലങ്ങളിലായാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
മധുര പട്ടണത്തില്‍ നിന്നും 50 കിമീ അകലെയുള്ള അരുപ്പുകോട്ടൈയില്‍ അറവുകാര്‍ക്ക് ആടുകളെ എത്തിച്ചുകൊടുത്തായിരുന്നു സെയ്യദുരൈയുടെ ബിസിനസ് ജീവിതത്തിന്റെ തുടക്കം. അരുപ്പുകോട്ടൈയിലെ ചെറുകിട കോണ്‍ട്രാക്ടര്‍മാരായ സുകന്യ രാമകൃഷ്ണനും സുന്ദരരാജ റെഡ്ഢ്യാരുമായി ദുരൈ അടുപ്പം സ്ഥാപിക്കുകയും അവര്‍ക്കൊപ്പം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. കല്ലക്കുറിച്ചിയില്‍ മൂവരും ഒരു നെയ്ത്ത് മില്‍ സ്ഥാപിച്ചു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് രാമകൃഷ്ണനും റെഡ്ഡ്യാരും ബിസിനസ് വിട്ട് പോയി. ഇതോടെ സെയ്യദുരൈ തനിച്ച് മുന്നോട്ടുപോയി. 2006 മുതല്‍ 2011 വരെയുള്ള ഭൂരിഭാഗം കരാറുകളും സെയ്യദുരൈക്ക് ലഭിച്ചു.
2013ല്‍ സുരേഷ്പൊട്ടു കൊല്ലപ്പെട്ടതോടെ എഐഎഡിഎംകെയുമായി അടുപ്പത്തിലായ ദുരൈ രാഷ്ട്രീയക്കാരുടെ പ്രിയ തോഴനായി. മകന് നാഗരാജന് എഞ്ചിനീയറിംഗ് പാസായതോടെ ദുരൈ അവരുടെ സാമ്രാജ്യം ചെന്നൈയിലേയ്ക്ക് വ്യാപിപ്പിച്ചു. എസ്പികെ സ്പിന്നേഴ്സ്, ശ്രീ ബാലാജി ടോളിവേയ്സ്, എസ്പികെഎ എന്ഡികോ എക്സ്പ്രസ് വേ ഉള്‍പ്പെടെ മൂന്ന് കമ്പനികളുടെ ഡയറക്ടറാണ് നാഗരാജന്. 2018ല്‍ ഡിഎംകെയാണ് നാഗരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 163 കോടിയുടെ അനധികൃത ആസ്തി കണ്ടെത്തിയത്.