നാഗ്പൂര്‍: യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്രസര്‍ക്കാറും മഹാരാഷ്ട്ര സര്‍ക്കാറും പരാജയപ്പെട്ടിരിക്കുകയാണെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ അഷിഷ് ദേശ്മുഖ്. ഒരു വര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നാണ് ബിജെപി വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ 2.2 ലക്ഷം തൊഴിലുകള്‍ മാത്രമാണ് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാഗ്പൂരിലെ മള്‍ട്ടി മോഡല്‍ ഇന്റര്‍നാഷണല്‍ ഹബ് എയര്‍പോര്‍ട്ടിലും സമീപ പ്രദേശങ്ങളിലും 50,000 യുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചുവെന്ന ബിജെപി നേതാക്കളുടെ അവകാശവാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ഈ മേഖലയില്‍ പുതിയ ഫാക്ടറികളൊന്നും കാണാനാവില്ലെന്നും ഒരു സര്‍വ്വീസ് ഇന്റസ്ട്രിപോലും അവിടെയില്ലെന്നും അദ്ദേഹം പറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യ, മാഗ്നറ്റിക് മഹാരാഷ്ട്ര, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്കിന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളെല്ലാം തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ദേശ്മുഖ് ആരോപിച്ചു. ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ, എഎപി നേതാവ് സഞ്ജയ് സിങ് എന്നിവര്‍ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ദേശ്മുഖിന്റെ വിമര്‍ശനം. നേരത്തെ വിധര്‍ഭയ്ക്ക് പ്രത്യേക സംസ്ഥാന പദവി പോലുള്ള വിഷയങ്ങളില്‍ ബിജെപിയെ പരസ്യമായി വിമര്‍ശിച്ച് ദേശ്മുഖ് രംഗത്തുവന്നിരുന്നു.