ബെംഗളൂരു: കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ സമ്പന്നരുടെ ക്ലബിലെ ഉപയോഗിക്കാതിരുന്ന ലോക്കറില്‍ കണ്ടെത്തിയ സ്വത്തിന്റെ അവകാശി താനാണെന്ന അവകാശ വാദവുമായി ഗുജറാത്ത് സ്വദേശി. 3.9 കോടി രൂപയും അഞ്ചുകോടിയുടെ സ്വര്‍ണവും കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളും രേഖകളും തന്റേതാണെന്നാണ് ഗുജറാത്ത് സ്വദേശി അവിനാശ് അമര്‍ലാല്‍ പറയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ക്ലബിലെ ലോക്കറില്‍ നിന്ന് വന്‍ സമ്പന്നശേഖരം കണ്ടെത്തിയത്. ബെംഗളൂരു ബൗറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലബ്ബില്‍ ഗുജറാത്ത് സ്വദേശി അവിനാശ് അമര്‍ലാല്‍ ഉപയോഗിച്ചിരുന്ന മൂന്നു ലോക്കറുകളില്‍ നിന്നുള്ള ധനമാണിതെന്ന് ക്ലബ് ഭാരവാഹികള്‍ കണ്ടെത്തിയിരുന്നു. 50 കോടിയോളം രൂപയുടെ ഒപ്പിട്ട ചെക്കുകള്‍, ആഡംബര വാച്ച്, സ്വര്‍ണ ബിസ്കറ്റുകള്‍ എന്നിവയും കണ്ടെത്തിയിരുന്നു.
ക്ലബ് ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്നു പോലീസും ആദായ നികുതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. അവിനാശിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ലോക്കര്‍ ഉപയോഗിക്കാത്തതു സംബന്ധിച്ചു പലവട്ടം അവിനാശിനു നോട്ടീസ് നല്‍കിയിരുന്നെങ്കിലും പ്രതികരണം ഉണ്ടായില്ല. മാസം 20 രൂപ ലോക്കര്‍ ഫീസ് ഒരുവര്‍ഷത്തിലേറെയായി അടച്ചിരുന്നില്ല.
ലോക്കര്‍ വൃത്തിയാക്കേണ്ടതുണ്ടെന്നും ഫീസ് അടച്ചില്ലെങ്കില്‍ ഇതു മറ്റംഗങ്ങള്‍ക്കു നല്‍കുമെന്നും അവിനാശിനെ അറിയിച്ചിരുന്നു. കഴിഞ്ഞ മാസം നല്കിയ നോട്ടീസിനും മറുപടി ഉണ്ടാകാത്തതിനാലാണ് തുറന്നത്. ലോക്കര്‍ തുറന്ന വിവരമറിഞ്ഞ് അവിനാശ് ബാഗുകള്‍ തന്റേതാണെന്ന് അവകാശപ്പെട്ടിരുന്നുവെന്നു ക്ലബ് ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞു.