ന്യൂഡല്‍ഹി: ജൂലൈ എട്ടിന് നടന്ന യുജിസി നെറ്റ് പരീക്ഷയിലും ഡ്രസ് കോഡ് വിവാദം. പരീക്ഷയില്‍ പങ്കെടുക്കാന്‍ ജംസ്യൂട്ട് ധരിച്ചെത്തിയ പരീക്ഷാര്‍ഥിയോട് ഇന്‍വിജിലേറ്റര്‍മാര്‍ മോശമായി പെരുമാറി എന്നാണ് പരാതി. ഡല്‍ഹി സിലുഗിരിയിലെ പബ്ലിക് സ്കൂളിലാണ് സംഭവം.
ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയായ തൃണ സെന്ഗുപ്തക്കാണ് മോശം അനുഭവം നേരിടേണ്ടി വന്നത്. തന്റെ വസ്ത്രങ്ങള്‍ മോശമാണെന്നും വീട്ടിലേക്ക് തിരിച്ചു പോകണമെന്നും സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടതായി തൃണ പറഞ്ഞു. എല്ലാ പരീക്ഷകള്‍ക്കും താന്‍ ജംസ്യൂട്ടാണ് ധരിക്കാറ്.
അത് തനിക്ക് ആത്മവിശ്വാസം നല്‍കും. നെറ്റ് പരീക്ഷക്ക് പ്രത്യേക ഡ്രസ് കോഡ് പറഞ്ഞിരുന്നില്ല. ഇലക്ട്രോണിക് ഉപകരണങ്ങളും വാച്ചുകളും മാത്രമാണ് നിരോധിച്ചിരുന്നത്. എന്നാല്‍ വാച്ചു ധരിച്ച പല കുട്ടികളെയും പരീക്ഷക്കിരുത്തിയതായും തൃണ ആരോപിക്കുന്നു.
തൃണ സെന്‍ഗുപ്ത പരീക്ഷാ അധികൃതരോട് തര്‍ക്കിച്ചെങ്കിലും കാര്യമില്ലെന്ന് മനസിലായതോടെ വീട്ടില്‍ പോയി സാല്‍വാര്‍ കമ്മീസ് ധരിച്ച് വരികയായിരുന്നു. അധികൃതര്‍ തന്നെ അപമാനിച്ചുവെന്നു പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതാന്‍ സാധിച്ചില്ലെന്നും തൃണ വ്യക്തമാക്കി.
ഡ്രസ് കോഡ് സംബന്ധിച്ച നിര്‍ദേശങ്ങളൊന്നും ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് യു.ജി.സി നെറ്റ് പരീക്ഷയുടെ സൂപ്രണ്ടായ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ ഫേസ് ബുക്ക് പോസ്റ്റ് സഹപ്രവര്‍ത്തക പങ്കുവെച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും വൈസ് പ്രിന്‍സിപ്പല്‍ പറഞ്ഞു.