ന്യൂഡല്‍ഹി; വേദനാ സംഹാരിയായി ഉപയോഗിക്കുന്ന സരിഡോന്‍ ഗുളികകളുടെ വില്‍പ്പനയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം സുപ്രീം കോടതി എടുത്തുമാറ്റി . കഴിഞ്ഞ ആഴ്ചയാണ് സരിഡോന്‍ ഉള്‍പ്പെടെ ചില മരുന്നുകളുടെ ഉപയോഗവും നിര്‍മ്മാണവും നിരോധിച്ചതായി സുപ്രീം കോടതി വിധി വന്നത്.
കൃത്യമായ ചേരുവകള്‍ ഈ ഗുളികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതായിരുന്നു നിരോധനത്തിന് കാരണം. തലവേദന, സന്ധി വേദന, പല്ലുവേദന, എന്നിവയ്ക്ക് ശമനം ലഭിക്കാന്‍ വേദനാ സംഹാരിയായിട്ടാണ് ജനങ്ങള്‍ ഈ ഗുളിക ഉപയോഗിച്ചു കൊണ്ടിരുന്നത്.
രണ്ടോ അതിലധികമോ മരുന്നുകള്‍ ഒരു നിശ്ചിത അനുപാതത്തില്‍ ഒറ്റ മരുന്നായി മാറുന്ന പ്രക്രിയയാണ് വേദന സംഹാരികളില്‍ സംഭവിക്കുന്നത്. എന്നാല്‍ ഇവരുടെ തുടര്‍ച്ചയായുള്ള ഉപയോഗം ജനങ്ങളിലെ പ്രതിരോധ ശക്തി കുറയ്ക്കുന്നതായി ആരോഗ്യ പ്രവര്‍ത്തകരും ഡോക്ടേഴ്സും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആന്റിബയോട്ടിക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ മരുന്നുകള്‍ നിര്‍മ്മിക്കുന്നത്. ഇങ്ങനെ പല മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കുന്ന മരുന്നുകളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ എന്ന കാര്യം ആശങ്കയുണര്‍ത്തുന്ന ഒന്നാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. വേദനസംഹാരി മരുന്നുകളുടെ നിരോധനം യുക്തിക്ക് നിരക്കാത്ത കാര്യമാണെന്ന വാദത്തിന് മേലാണ് ഈ നിരോധനം മാറ്റിയിരിക്കുന്നത്.