ന്യൂഡല്‍ഹി: അനുദിനം കുതിച്ചുയരുന്ന ഇന്ധനവിലയില്‍ ഇനിയും വര്‍ധനവുണ്ടാവാന്‍ സാധ്യത. ഇറാനില്‍ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി കേന്ദ്രസര്‍ക്കാര്‍ പകുതിയായി വെട്ടിക്കുറയ്ക്കുകയും കൂടുതല്‍ പണംമുടക്കി അമേരിക്കന്‍ എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കാനൊരുങ്ങുന്നു എന്നതാണ് കാരണം. ഇതോടെ രൂപയുടെ മൂല്യം വീണ്ടും ഇടിയും.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് നവംബറോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും കുറയ്ക്കാനുള്ള മോഡിസര്‍ക്കാരിന്റെ ശ്രമം. ഡോളറിനെതിരെ രൂപയുടെ വിലയിടിയാനുള്ള പ്രധാന കാരണങ്ങളിലൊന്നാണിത്. ഇറക്കുമതിയിനത്തില്‍ 45 ശതമാനം വെട്ടിക്കുറക്കാനാണ് തീരുമാനം.
മേയില്‍ പ്രതിദിനം 7,05,200 വീപ്പ ഇന്ത്യ ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്തു. ജൂണില്‍ ഇത് 5,92,800 വീപ്പയായി കുറച്ചു. ഏപ്രില്‍, ആഗസ്ത് ശരാശരി എടുത്താല്‍ പ്രതിദിനം 6,58,000 വീപ്പ എണ്ണയാണ് ഇറാനില്‍നിന്ന് വാങ്ങിയത്. ഈ ക്രമത്തിലാണെങ്കില്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ രണ്ട് കോടിവീതം വീപ്പയെങ്കിലും ഇറക്കുമതി ചെയ്യേണ്ടിടത്ത് 1.2 കോടി മാത്രം വാങ്ങാനാണ് തീരുമാനം. എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചതിന്റെ ആഘാതത്തിലാണ് ഇറാന്. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ.