ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഭിമാനമായ വനിതാ പൈലറ്റുമാര്‍ക്കുള്ള വിദേശവനിതയുടെ അഭിനന്ദനം സൈബര്‍ലോകത്ത് വൈറല്‍. അമേരിക്കയിലെ ഗവേഷകയും ടെക്സസ് സര്‍വകലാശാലയിലെ ശസ്ത്രജ്ഞയുമായ ഡോ.ക്രിസ്റ്റിന് ലെഗറിന്റെ ആത്മാര്‍ഥമായ അഭിനന്ദനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.
അമേരിക്കയില്‍നിന്നു ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കുശേഷം. താന്‍ സഞ്ചരിച്ച വിമാനം പറത്തിയ സ്ത്രീ പൈലറ്റുമാര്‍ക്കും വിമാനത്തിലുണ്ടായിരുന്ന മറ്റു സ്ത്രീ ജീവനക്കാര്‍ക്കുമാണ് ലെഗറിന്റെ അഭിനന്ദനം. സ്ത്രീകളെ ചില ജോലികള്‍ക്കു കൊള്ളില്ലെന്ന പാരമ്പര്യവിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുക കൂടിയാണ് വിദേശവനിതയുടെ അഭിനന്ദനം.
ലോകത്ത് ഏറ്റവും കൂടുതല്‍ വനിതാ പൈലറ്റുമാര്‍ ഇന്ത്യയിലാണുള്ളത്. ലെഗര്‍ ന്യൂയോര്‍ക്കില്‍ നിന്ന് ട്വിറ്ററില്‍ എഴുതി. ”അതേ, ഞങ്ങള്‍ ലക്ഷ്യസ്ഥാനത്ത് കുറച്ചു നേരത്തെതന്നെ എത്തി. സുഖകരമായ യാത്രയ്ക്കു ശേഷം. ലാന്‍ഡിങ്ങിലും ഒരു പ്രശ്നവും ഉണ്ടായില്ല. ജയ്ഹിന്ദ്…”
പ്രശംസയ്ക്കൊപ്പം രണ്ടു വനിതാ പൈലറ്റുമാരുടെ കോക്പിറ്റില്‍ നിന്നുള്ള ചിത്രവും ലെഗര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ് പെട്ടെന്നുതന്നെ വൈറലായി. കുറഞ്ഞസമയം കൊണ്ട് 25,000 ലൈക്കുകളും നേടി. താന്‍ സഞ്ചരിച്ച വിമാനത്തില്വച്ചെടുത്ത ചിത്രമല്ല, എയര്‍ ഇന്ത്യയുടെ ശേഖരത്തില്‍നിന്നുള്ള ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ലെഗര്‍ പിന്നീടു വ്യക്തമാക്കി.
കോക്പിറ്റില്‍നിന്നുള്ള ചിത്രം പ്രസിദ്ധീകരിക്കാന്‍ അനുമതിയില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് താന്‍ ഫയല്‍ ചിത്രം പോസ്റ്റിനൊപ്പം ചേര്‍ത്തതെന്നും ലെഗര്‍ വിശദീകരിച്ചു.
വനിതാ പൈലറ്റുമാരെക്കുറിച്ച് ലെഗര്‍ എന്തിനാണ് ഇത്രമാത്രം അഭിമാനിക്കുന്നതെന്നാണു ചോദ്യമെങ്കില്‍ ഉത്തരമുണ്ട്. വനിതകള്‍ പറത്തുന്ന വിമാനത്തില്‍ സഞ്ചരിക്കുന്നതു സുരക്ഷിതമല്ലെന്നു കരുതുന്ന കുറെയധികം പുരുഷന്മാരുണ്ട്. അവരുടെ അന്ധവിശ്വാസത്തെയും യുക്തിരാഹിത്യത്തെയുമാണ് ലെഗര്‍ ചോദ്യം ചെയ്തിരിക്കുന്നത്.
സ്ത്രീ പൈലറ്റുമാരെ വിശ്വസിക്കാന്‍ പറ്റില്ല. വനിതകളാണ് വിമാനം പറത്തുന്നതെന്നു കണ്ടാല്‍ ഞാന്‍ സീറ്റില്‍തന്നെ ഇരുന്നു മരിച്ചുപോകും ഒരു യാത്രക്കാരന് എഴുതി. ഒരിക്കല്‍ ലാന്‍ഡിങ്ങിനുവേണ്ടി ഒരു വനിതാ പൈലറ്റ് 47 തവണ ശ്രമം നടത്തിയെന്നു മറ്റൊരാളും എഴുതി. ഇത്തരം അന്ധവിശ്വാസങ്ങളെയെല്ലാം ഒരൊറ്റ പോസിറ്റീവ് പോസ്റ്റിലൂടെ തകര്‍ത്തിരിക്കുകയാണ് ലെഗര്‍. തീര്‍ച്ചയായും ഇന്ത്യക്കാര്‍ക്ക് അഭിമാനനിമിഷമാണ്.
ലോകത്തെ മൊത്തം കണക്കു നോക്കിയാല്‍ പൈലറ്റുമാരില്‍ അഞ്ചുശതമാനം പേര് മാത്രമാണു വനിതകള്‍. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും ഇതാണു സ്ഥിതി. ഇന്ത്യയിലാകട്ടെ പൈലറ്റുമാരില്‍ 12 ശതമാനം പേര് വനിതകളാണ്.
Flew from NY to Delhi today on Air India with a female pilot and an all female flight crew. Turns out that India has the largest number of female pilots in the world. And yes, we arrived at our destination early after a smooth flight and perfect landing. Jai Hind! pic.twitter.com/wkgdMHMVWD
— Cristine Legare (@CristineLegare) 10 September 2018