ജയ്പൂര്‍: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് അടുക്കുമ്പോള്‍ രാജസ്ഥാനില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജയ്പൂരില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് 19 മണ്ഡലങ്ങളിലെ 10 ലക്ഷം വോട്ടര്‍മാരെ പരിശോധിച്ചപ്പോള്‍ 1,12,000 വ്യാജ വോട്ടര്‍മാരെയാണ് കണ്ടെത്തിയത്. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം.
ഒരാളുടെ പേര് ആറു വട്ടം വരെ എഴുതി ചേര്‍ത്തിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. അന്വേഷണത്തില്‍ അത് തെളിഞ്ഞിട്ടുമുണ്ട്. രാജസ്ഥാനിലെ ആയിരത്തിലധികം പേര്‍ക്ക് ഒന്നിലധികം വോട്ടര്‍ കാര്‍ഡ് ഉള്ളതായും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഗനീര്‍, വിദ്യാദര്‍ നഗര്‍, കിഷന്പോലെ നിയമസഭ മണ്ഡലങ്ങളിലാണ് വ്യാജ വോട്ടര്‍മാര്‍ അധികവുമുള്ളത്.
മരണപ്പെട്ട ആളുകളുടെയും മണ്ഡലത്തില്‍ നിന്ന് താമസം മാറിയപ്പോയവരുടെയും പേരുകള്‍ക്കൊപ്പം ചില പേരുകള്‍ ഒന്നിലധികം തവണ ആവര്‍ത്തിക്കുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടത്. ഈ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയാണ് ഇപ്പോള്‍. വോട്ടര്‍ പട്ടികയില്‍ ചില പേരുകള്‍ ഒന്നിലധികം വട്ടം ആവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന ചുമതലയുള്ള ജില്ലാ ഭരണകൂടം തെറ്റുകള്‍ അംഗീകരിച്ചിട്ടുണ്ട്. വ്യാജ വോട്ടര്‍മാരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.