ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെയുള്ളവര്‍ക്ക് ജാമ്യം. ഡല്‍ഹി പട്യാല കോടതിയാണ് ത്യാഗിക്കും സഹോദരനും ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അഗസ്ത വെസ്റ്റ്ലാന്ഡുമായി നടത്തിയ 3,600 കോടി രൂപയുടെ ഇടപാടില്‍ ത്യാഗി സാന്പത്തിക ക്രമക്കേട് നടത്തിയതായി സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ത്യാഗിയോടൊപ്പം ഡല്‍ഹിയിലെ അഭിഭാഷകനായ ഗൗതം ഖെയ്ത്താന്‍, ത്യാഗിയുടെ ബന്ധു സഞ്ജീവ് ത്യാഗി എന്ന ജൂലി ത്യാഗി എന്നിവരും അറസ്റ്റിലായിരുന്നു.
34 പ്രതികള്‍ ഉള്‍പ്പെട്ട കുറ്റപത്രങ്ങളാണ് ഇന്ന് കോടതി പരിഗണിച്ചത്. എല്ലാവരോടും കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ അഗസ്ത വെസ്റ്റ്ലാന്‍ഡ് കന്പനി പ്രതിനിധികളടക്കമുള്ള വിദേശികള്‍ കോടതിയില്‍ ഹാജരായില്ല. കേസ് ഡിസംബര്‍ 18 കോടതി വീണ്ടും പരിഗണിക്കും.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപികള്‍ക്ക് യാത്ര ചെയ്യുന്നതിനായി 3,600 കോടി രൂപ ചെലവില്‍ 12 ഹെലികോപ്ടറുകള്‍ വാങ്ങുന്നതിനായി 2010ല്‍ ഉണ്ടാക്കിയതാണ് വിവാദമായ അഗസ്ത വെസ്റ്റ്ലാന്‍ഡ് കരാര്‍. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ 2014ല്‍ സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തു.
2005 ഡിസംബര്‍ 31 മുതല്‍ 2007 വരെ ത്യാഗി വ്യോമസേനാ മേധാവി ആയിരിക്കുന്ന കാലത്താണ് വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. ഇത്തരം കോപ്റ്ററുകള്‍ക്ക് 6,000 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ ശേഷിയുണ്ടായിരിക്കണം എന്ന വ്യവസ്ഥ ഇളവ് ചെയ്ത് 4,500 മീറ്റര്‍ ഉയരത്തില്‍ പറക്കല്‍ പരിധി മതി എന്നു വെട്ടിക്കുറച്ചതു ത്യാഗിയാണ്. ഇതോടെയാണ് കരാറില്‍ ഏര്‍പ്പെടാന്‍ വെസ്റ്റ്ലാന്‍ഡ് യോഗ്യത നേടുന്നത്.