ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍. ദക്ഷിണ കന്നഡ സ്വദേശി മോഹന്‍ നായിക് ആണ് പോലീസ് പിടിയിലായത്. കൊല നടത്തിയയാള്‍ക്ക് തോക്ക് കൈമാറിയെന്ന് സംശയിക്കുന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, കൊലപാതകത്തില്‍ ഇയാളുടെ പങ്ക് കൂടുതല്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘം തയ്യാറായില്ല. മോഹന്‍ നായികിനെ 6 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
നേരത്തെ 29 കാരനായ പരശുറാം വാഘ്മെയര്‍ പോലീസ് പിടിയിലായിരുന്നു. പണത്തിന് വേണ്ടിയല്ല, തന്റെ മതത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ഗൗരി ലങ്കേഷിനെ കൊന്നതെന്ന് പരശുറാം പോലീസിന് മൊഴി നല്‍കിയിരുന്നു. 13000 രൂപയാണ് ഇയാള്‍ക്ക് ലഭിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു.
പരശുറാമിന് ഗൗരി ലങ്കേഷിനെ കൊല്ലാനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തത് സിന്ധഗിയില്‍വച്ച് കണ്ടുമുട്ടിയ ആളാണ്. 3000 രൂപയാണ് ഇയാള്‍ക്ക് മുന്‍കൂറായി ലഭിച്ചത്. അതും നഗരത്തിലെ താമസത്തിനും ഭക്ഷണത്തിനുമായി. കൊലപാതകത്തിന് ശേഷം അപരിചിതനായ ആ മനുഷ്യന് തനിക്ക് 10000 രൂപ കൂടി നല്‍കുകയും നഗരം വിട്ട് പോകുകയും ചെയ്തുവെന്നും പരശുറാം പറഞ്ഞിരുന്നു.
ഒരാള്‍ തുടര്‍ച്ചയായി നമ്മുടെ മതവികാരം വൃണപ്പെടുത്തുന്നുണ്ടെന്നും ഇവരെ കൊലപ്പെടുത്തണമെന്നുമാണ് നിര്‍ദ്ദേശമുണ്ടായിരുന്നത്. കൊലപാകത്തിന് ശേഷമാണ് താന്‍ കൊലപ്പെടുത്തിയത് ഗൗരി ലങ്കേഷ് എന്ന സ്ത്രീയെയാണെന്ന് മനസ്സിലായത്. ആ കൊലപാതകം നടത്തേണ്ടിയിരുന്നില്ലായെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും പരശുറാം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറുപതോളം പേരെ ഗൗരിയെ കൊലപ്പെടുത്തുന്നതിനായി പരിശീലിപ്പിച്ചിരുന്നതായും വെളിപ്പെടുത്തലുണ്ട്.