പെട്രോള്‍, ഡീസല്‍ വിലകള്‍ രാജ്യത്ത് റിക്കോര്‍ഡുകള്‍ തകര്‍ത്ത് ദിനം പ്രതി മുന്നേറുമ്പോള്‍ നിയന്ത്രിക്കാനാവാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാഴ്ച്ചക്കാരാവുന്നു. പെട്രോളിന് തിരുവനന്തപുരത്തെ നിരക്ക് ലിറ്ററിന് 80 രൂപയ്ക്ക് മുകളിലാണ്, ഡീസലിന് ലിറ്ററിന് 75 രൂപയ്ക്ക് മുകളിലും.
മുംബൈയില്‍ ഇന്നേവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് വരെ പെട്രോള്‍, ഡീസല്‍ വിലയെത്തി. തിങ്കളാഴ്ച രാവിലെ തന്നെ മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിനു 86.56 രൂപയായിരുന്നു വില. ഡീസലിനാകട്ടെ ലിറ്ററിന് 75.54 രൂപയും.
രാജ്യത്തിന്റെ അതിരുകള്‍ക്കപ്പുറമുളള തികച്ചു ബാഹ്യമായ ഘടകങ്ങളാണ് രാജ്യത്തെ പെട്രോളിയം വിലവര്‍ദ്ധനയ്ക്ക് പിന്നിലുളളതെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. നിരവധി ആഭ്യന്തര- അന്തര്‍ദേശീയ കാരണങ്ങളാണ് പെട്രോളിയം വിലവര്‍ദ്ധനയ്ക്ക് പിന്നിലുളളത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 78 ഡോളറിലേക്ക് ഉയര്‍ന്നതോടെയാണ് രാജ്യത്തും ഇന്ധന വിലയില്‍ നിയന്ത്രണങ്ങളില്ലാതെ കയറ്റം പ്രകടമായതെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ പ്രതികരണം. എണ്ണവില നിയന്ത്രണങ്ങളില്ലാതെ ഉയരുന്ന സാഹചര്യമുണ്ടായാല്‍ വില നിയന്ത്രണ നടപടിയെന്ന നിലയ്ക്ക് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മുകളില്‍ ചുമത്താറുളള നികുതികളില്‍ ഇളവുകള്‍ നടപ്പാക്കി വിലക്കയറ്റം പിടിച്ചു നിര്‍ത്താവുന്നതാണ്.
കേന്ദ്ര സര്‍ക്കാര്‍ ഒരു ലിറ്റര്‍ പെട്രോളിന് 19.48 രൂപ എക്സൈസ് നികുതിയാണ് ഇടാക്കുന്നത്. ഡീസലിനാകട്ടെ ലിറ്ററിന് 15.33 രൂപയും. കേന്ദ്ര നികുതികള്‍ ചുമത്തിയ ശേഷമുള്ള തുകയ്ക്കു മേല്‍ അതാത് സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൂടി ചേര്‍ന്ന തുകയാണ് പൊതുജനങ്ങള്‍ ഇന്ധനം വിലയായി നല്‍കേണ്ടിവരുന്നത്.