ഭോപ്പാല്‍: കാണാതായ പശുവിനെ തേടിയെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈവെട്ടി. മധ്യപ്രദേശിലെ റായ്സെനിലാണ് പശുവിനെച്ചൊല്ലിയുള്ള തര്‍ക്കം ദുരന്തത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രേം നാരായണ്‍ സാഹു എന്നയാളാണ് ആക്രമണത്തിനിരയായത്. തന്റെ കാണാതായ പശുവിനെ അന്വേഷിച്ച് സത്തു യാദവിന്റെ ഫാമിലെത്തിയതായിരുന്നു ആക്രമണത്തിന് ഇരയായ സാഹു. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള വാക്കുതര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.
യാദവിന്റെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സാഹുവിനെ മര്‍ദ്ദിച്ച് അവശനാക്കി മരത്തില്‍ കെട്ടിയിട്ട ശേഷം കൈവെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സാഹുവിന്റെ നിലവിളി കേട്ടെങ്കിലും അയല്‍ക്കാര്‍ ആരും സഹായത്തിന് എത്തിയില്ല. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സംഭവ സ്ഥലത്തെത്തുകയും സാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അറസ്റ്റിലായ രണ്ട് പേര്‍ക്ക് പുറമേ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര് ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി.