മിട്ടായി ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടാകില്ല എന്നു തന്നെ പറയാം. അവര്‍ക്കായിതാ വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കാന്‍ പറ്റുന്ന സ്വാദിഷ്ടമായ മിഠായിയാണ് തേങ്ങ കപ്പലണ്ടി മിട്ടായി.
ഇതിനാവശ്യമായ ചേരുവകള്‍ :-
കപ്പലണ്ടി……… 250 ഗ്രാം
ശര്‍ക്കര……….. 250 ഗ്രാം
നാളികേരം…….. 1 എണ്ണം
ഏലക്ക പൊടി….1 ടീസ്പൂണ്‍
നെയ്യ്………………. 2 ടേബിള്‍സ്പൂണ്‍
വെള്ളം……………. 1 & 1/2 കപ്പ്
തയ്യാറാക്കുന്ന വിധം :-
ഒരു ചട്ടി അടുപ്പത്തു വച്ച് ചൂടായാല്‍ അതിലേക്ക് കപ്പലണ്ടിയിട്ടു വറുക്കുക. എന്നിട്ട് അതിന്റെ തൊലി കളഞ്ഞ് വക്കുക. ഇത് മിക്സിയില്‍ ഇട്ട് ഒന്ന് ലെഫ്റ്റിലേക്കു കറക്കുക. നല്ലവണ്ണം പൊടിയരുത്. വേണേല്‍ കപ്പലണ്ടി പകുതി എടുത്തു ഇങ്ങനെ ചെയ്താലും മതി.
ഒരുപാത്രത്തില്‍ ശര്‍ക്കരയും, 1 & 1/2 കപ്പ് വെള്ളവും ചേര്‍ത്ത് ശര്‍ക്കര പാനി ഉണ്ടാക്കുക. എന്നിട്ട് അത് ഒരു അരിപ്പയില്‍ കൂടി അരിച്ചെടുക്കുക. നാളികേരം ചിരകി വക്കുക. ഒരു ചട്ടി അടുപ്പത്തു വച്ച് അതിലേക്ക് ശര്‍ക്കര പാനി ഒഴിച്ച് ഒരു 2 – 3 മിനുട്ട് ഇളക്കി അതിലേക്ക് ചിരകി വച്ച നാളികേരം ചേര്‍ത്ത് നന്നായി ഇളക്കികൊണ്ടിരിക്കുക.
ശര്‍ക്കര പാനി ഏകദേശം വറ്റി പകുതിയായാല് നമുക്ക് പൊടിച്ചു വച്ച കപ്പലണ്ടി ചേര്‍ക്കാം. വീണ്ടും നന്നായി ഇളക്കിക്കൊണ്ടിരിക്കുക. ഏകദേശം ഈ ശര്‍ക്കര പാനി വറ്റാറായാല് 2 ടേബിള്‍സ്പൂണ്‍ നെയ്യ്, ഏലക്കാപ്പൊടി ചേര്‍ക്കുക.
ചട്ടിയില്‍ നിന്നും വിട്ടുവരുന്ന പരുവം ആയാല്‍ ഗ്യാസ് ഓഫ് ചെയ്യാം. ഇത് ചൂടാറിയാല്‍ നമുക്ക് ചെറിയ ചെറിയ ഉരുളകളാക്കി ഉരുട്ടിഎടുക്കാം. കയ്യില്‍ വേണേല്‍ കുറച്ച് നെയ്യ് പുരട്ടി ഉരുട്ടാം. അങ്ങിനെ നമ്മുടെ ടേസ്റ്റി ‘തേങ്ങ കപ്പലണ്ടി മിഠായി
റെഡി.