പച്ചക്കറികളിലെ വിഷാംശത്തെക്കുറിച്ചായിരുന്ന ഇതുവരെ മലയാളികളുടെ ആശങ്കകള്‍. ഇപ്പോള്‍ മീനിന്റെ കാര്യത്തിലും ഈ പേടി വന്നിരിക്കുന്നു, മീന്‍ കേടുവരാതിരിക്കാന്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന ഭയം നമ്മളെ വല്ലാതെ പിടികൂടിയിട്ടുണ്ട്. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ശരീരത്തിന് നല്ലതല്ലാത്ത ഘടകങ്ങള്‍ ഉണ്ടായേക്കാമെന്ന സാധ്യത പരിഗണിച്ച് മുന്‍കരുതലെടുക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.
മീന്‍ മുറിയ്ക്കുമ്പോള്‍ ചോരയ്ക്ക് നിറവ്യത്യാസമുണ്ടോയെന്ന് ശ്രദ്ധിയ്ക്കണം. നല്ല മീനില്‍ നിന്നും നല്ല ചുവന്ന നിറത്തിലുള്ള ചോര വരും.
മീനില്‍ തൊടുമ്പോള്‍ കുഴിഞ്ഞുപോയാല്‍ മീന്‍ ഉപയോഗിക്കരുത്, നല്ല മീനിന്റെ മാംസത്തിന് ദൃഢത ഉണ്ടായിരിക്കും.
രക്തവര്‍ണത്തിലുള്ള ചെകിളപ്പൂവാണെങ്കില്‍ സംശയിക്കേണ്ട മീന്‍ പുതിയതാണ്. മീനിലെ ഫോര്‍മലിന്‍ കണ്ടെത്താനുള്ള സ്ട്രിപ്പുകളും ഇപ്പോള്‍ വിപണിയിലുണ്ട്.
വലിയ മത്സ്യം മുറിച്ച് വാങ്ങുമ്പോള്‍ ഉള്ളില്‍ നീലനിറത്തിലുള്ള തിളക്കം കണ്ടാല്‍ രാസമാലിന്യങ്ങള്‍ കലര്‍ന്നതിന്റെ ലക്ഷണമാണ്. അത്തരം മത്സ്യങ്ങള്‍ ഒഴിവാക്കുക.
കഴിയുന്നതും നാടന്‍ വിപണനകേന്ദ്രങ്ങളില്‍ നിന്നും, അടുത്തറിയുന്ന ചെറുകിട കച്ചവടക്കാരില്‍ നിന്നും, അംഗീകൃത ഫിഷ് മാര്‍ക്കറ്റുകളില്‍ നിന്നും മത്സ്യം വാങ്ങി ഉപയോഗിക്കുക.

ഫോര്‍മലിന്‍ കലര്‍ത്തിയ മീനിനെ എങ്ങനെ തിരിച്ചറിയാം.?
കേടുകൂടാതെ മീന്‍ ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിനാണ് മീനില്‍ ഫോര്‍മലിന്‍ ഉപയോഗിക്കുന്നത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മീനില്‍ ഫോര്‍മലിന്‍ ഉപയോഗിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനാകും. മീനിന് സ്വാഭാവിക മണം ഉണ്ടായിരിക്കും, ഫോര്‍മലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ മീനിന്റെ ഗന്ധത്തില്‍ വ്യത്യാസം ഉണ്ടായിരിക്കും. നല്ല മീനാണെങ്കില്‍ തെളിഞ്ഞ വൃത്താകൃതിയിലുള്ള കണ്ണുകള്‍, ഫോര്‍മലിന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കണ്ണുകള്‍ കുഴിഞ്ഞതും നീലനിറമുള്ളതുമായിരിക്കും.

മീന്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പഴകിയതും ദുര്‍ഗന്ധം വമിക്കുന്നതുമായ മത്സ്യം വാങ്ങരുത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ വില്‍ക്കുന്ന മത്സ്യം വാങ്ങാതിരിക്കുക. മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന മത്സ്യം നന്നായി കഴുകി മാത്രം ഉപയോഗിക്കുക. വെള്ളത്തില്‍ ലയിച്ചുചേരുന്ന ഫോര്‍മലിന്‍ നന്നായി കഴുകിയാല്‍ ഒഴിവാക്കാം. പാചകം ചെയ്യുന്നതിലൂടെ ഫോര്‍മലിന്‍ വിഘടിച്ച് നശിച്ചുപോകുന്നു. നന്നായി വേവിച്ചും ചൂടാക്കിയും മാത്രം മത്സ്യം ഉപയോഗിക്കണം.