ഇറച്ചിയോ മീനോ പലഹാരമോ പൊരിച്ചെടുക്കുമ്പോള്‍ പൊതുവെ എണ്ണ ബാക്കിയാകാറുണ്ട്. ചിലപ്പോള്‍ അളവ് അറിയാതെ വിചാരിച്ചതിലും കൂടുതല്‍ എണ്ണ എടുത്തത് കൊണ്ടാവാം. പൊരിച്ചതിന് ശേഷം ഇങ്ങനെ ബാക്കിയാകുന്ന എണ്ണ പലരും ഒഴിവാക്കാറില്ല. കാരണം ഉയര്‍ന്ന എണ്ണവില തന്നെയാവും. പക്ഷേ ഇങ്ങനെ എടുത്തു വെച്ച എണ്ണ വീണ്ടുമുപയോഗിക്കുമ്പോഴുണ്ടാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ?.
ഈ ശീലം ആരോഗ്യത്തിന് ഒരിക്കലും നല്ലതല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കാരണം അണുബാധ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങളെ നമ്മെ ബാധിക്കാന്‍ സാധ്യത ഏറെയാണ്. പഴകിയ എണ്ണ ഉപയോഗിക്കുന്നത് വയറ് എളുപ്പത്തില്‍ അസ്വസ്ഥമാക്കുകയും, ദഹനപ്രശ്നങ്ങളുണ്ടാക്കുകയും വയറ്റില്‍ കൂടുതല്‍ ഗ്യാസ് ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്യും.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇത് വഴിവെച്ചേക്കാം. ചീത്ത കൊഴുപ്പ് ശരീരത്തില്‍ അടിയാനും, ഇതുവഴി ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനുമുള്ള സാധ്യതകളും കൂടുതലാണ്. ഇതിനെല്ലാം പുറമെ, തലച്ചോറിലെ കോശങ്ങളെയും ഇത് ബാധിച്ചേക്കാം. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ മറവിരോഗങ്ങളിലേക്കും ഈ ശീലം നമ്മെ കൊണ്ടെത്തിച്ചേക്കും.
ഇങ്ങനെ ഒരുപാട് ദോഷഫലങ്ങള്‍ നമുക്ക് സമ്മാനിക്കുമെങ്കിലും സാധാരണ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരത്തില്‍ ഉപയോഗിച്ച എണ്ണ ഒഴിവാക്കുകയെന്നത് സാധ്യമായ കാര്യമല്ല. അപ്പോള്‍ നാം ചെയ്യേണ്ടത് ഈ കാര്യങ്ങളാണ്. നിര്‍ബന്ധമായും സൂക്ഷിക്കേണ്ട കാര്യങ്ങള്‍..
-എണ്ണ വീണ്ടും ചൂടാക്കുമ്പോള്‍ അമിതമായി പുകയുന്നുണ്ടെങ്കില്‍ അപകടമാണെന്ന് മനസ്സിലാക്കുക. ഇതില്‍ എച്ച്.എന്‍.ഇ എന്ന വിഷമയമുള്ള പദാര്‍ത്ഥത്തിന്റെ അളവ് വലിയ തോതിലുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പല രോഗങ്ങള്‍ക്കും ഇത് കാരണമായേക്കും
-കഴിവതും രണ്ടിലധികം തവണ ഉപയോഗിച്ച എണ്ണ ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് കൂടുതല്‍ അപകടസാധ്യതകള്‍ ഉണ്ടാക്കിയേക്കും.
-ഒരുപാട് നേരം അടുപ്പില്‍ വച്ച് തിളപ്പിച്ച എണ്ണ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് വീണ്ടും ചൂടാക്കി പാചകത്തിന് ഉപയോഗിക്കുന്നത് വലിയ തോതിലുള്ള അപകടങ്ങളുണ്ടാക്കിയേക്കും.
-ഒരിക്കല്‍ ഉപയോഗിച്ച എണ്ണ എടുത്തുവയ്ക്കുമ്പോള്‍ അത് നന്നായി ചൂടാറിക്കഴിഞ്ഞ്, അരിച്ച ശേഷം അടച്ചുറപ്പുള്ള ചില്ല് പാത്രത്തിലോ മറ്റോ സൂക്ഷിക്കണം. എണ്ണയില്‍ ബാക്കി കിടക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന അപടകങ്ങള്‍ ഒഴിവാക്കാനാണിത്.
-എണ്ണ വീണ്ടും ഉപയോഗിക്കുമ്പോള്‍ അതിന്റെ കട്ടിയും നിറവും പരിശോധിക്കുക. നല്ല രീതിയില്‍ ഇരുണ്ട നിറമായ എണ്ണയാണെങ്കില്‍ അത് ഉപയോഗിക്കാതിരിക്കുകയാണ് ഏറ്റവും നല്ലത്. അതുപോലെ തന്നെ നന്നായി കട്ടിയായിരിക്കുന്നുണ്ടെങ്കിലും ഒഴിവാക്കേണ്ടതാണ്.