ഒരു കൗതുകത്തിന്റെ പേരില്‍ സിഗരറ്റ് വലിച്ചു തുടങ്ങുന്നവര്‍ ഒരിക്കലും കരുതിക്കാണില്ല അതില്‍ നിന്നുള്ള മോചനം ഇത്രയേറെ ദുഷ്കരമാകുമെന്ന്. ഓരോ തവണ വലിക്കുമ്പോഴും സിഗരറ്റില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന നിക്കോട്ടിന് നമ്മെ കൂടുതല്‍ കൂടുതല്‍ പുകവലിക്ക് അടിമയാക്കുന്നു. കൂടാതെ ഇത് ക്യാന്‍സര്‍ പോലുള്ള പല മാരക രോഗങ്ങളിലേക്കും നമ്മെ നയിക്കുകയും ചെയ്യും.
ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവാന്മാരായി പുകവലി നിര്‍ത്താമെന്ന് വെയ്ക്കുമ്പോള്‍ ആണ് മനസ്സിലാക്കുക നമ്മള് പെട്ടിരിക്കുകയാണെന്ന്. പുകവലി നിര്‍ത്താനായി പല മാര്‍ഗ്ഗങ്ങളും വിപണിയിലുണ്ടെങ്കിലും അത് പൂര്‍ണ്ണമായി ഫലം കണ്ടെന്ന് വരില്ല. കൂടാതെ പുകവലിയില്‍ നിന്നും പെട്ടന്നുള്ള പിന്മാറ്റം തലവേദന, ഡിപ്രഷന് പോലുള്ള അവസ്ഥകളിലേക്കും നമ്മെ ചെന്നെത്തിക്കുകയും ചെയ്യാം. പുകവലി നിര്‍ത്താനായി നമുക്ക് ചില മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കാം.
ആദ്യമായി പുകവലി നിര്‍ത്താന്‍ ഒരു പ്രത്യേക ദിവസം തെരഞ്ഞെടുക്കുക. ശേഷം കൂട്ടുകാരോടും സഹപ്രവര്‍ത്തകരോടും കുടുംബാംഗങ്ങളോടും പുകവലി നിര്‍ത്തുകയാണെന്ന തീരുമാനം അറിയിക്കുക. പുകവലിയുടെ സാമീപ്യമുള്ള സ്ഥലങ്ങളില്‍ നിന്നും പൂര്‍ണ്ണമായും അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഉറക്കമില്ലായ്മ, അക്ഷമ, ഉല്‍കണ്ഠ, ഉത്സാഹമില്ലായ്മ, അമിത വിശപ്പ്, കുറഞ്ഞ ശ്രദ്ധ കേന്ദ്രം എന്നിവ പുകവലി നിര്‍ത്തുന്ന സാഹചര്യത്തില്‍ അനുഭവപ്പെടാം. അതിനെ മുന്നില്‍ കണ്ട് ജീവിത ശൈലിയില്‍ മാറ്റം വരുത്തണം. പുകവലി നിര്‍ത്തിയ വ്യക്തികളുമായി സംസാരിക്കുന്നത് വളരെ ഗുണം ചെയ്യും. അസാധ്യമായി ഒന്നുമില്ല എന്ന ആപ്ത വാക്യം മനസ്സില്‍ ഉറപ്പിക്കുക. പുകവലിക്കാന്‍ തോന്നുമ്പോള്‍ ഒരു ച്യുയിംഗം ചവക്കുക. വ്യായാമം ചെയ്യുന്നതും പുകവലിയില്‍ നിന്നും പിന്തിരിപ്പിക്കാന് സഹായിക്കും.