ശൈത്യകാലത്ത് ശക്തി പ്രാപിക്കുന്ന അസുഖമാണ് ആസ്ത്മ. പ്രധാനമായും അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതും, പാരമ്പര്യവുമാണ് ആസ്ത്മയുടെ പ്രധാന കാരണങ്ങള്‍. അന്തരീക്ഷത്തിലെ പല ഘടകങ്ങളും ആസ്തയ്ക്കു കാരണമാവുകയോ സ്വാധീനിക്കുകയോ ചെയ്യും. നല്ല ശ്രദ്ധയും നിയന്ത്രണവും ഒപ്പം കൃത്യമായ ചികിത്സയും ഉണ്ടെങ്കില്‍ ഈ രോഗത്തെ പിടിച്ചു കെട്ടാം. അല്ലാത്ത പക്ഷം ഈ രോഗം വില്ലനായി മാറാന്‍ സാധ്യത കൂടുതലാണ്.
ആസ്ത്മയുടെ ലക്ഷണങ്ങള്‍
ശ്വാസതടസ്സം
കൂടെക്കൂടെ ഉണ്ടാവുന്ന ചുമ
ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ വിസിലടിക്കുന്ന ശബ്ദം കേള്‍ക്കുക
വലിവ്
തുടര്‍ച്ചയായുള്ള ശ്വസനേന്ദ്രിയ അണുബാധ
കരച്ചില്, ചിരി, ദേഷ്യം, ഭയം,തുടങ്ങിയ തീവ്രവികാരങ്ങള്‍ ഉണ്ടാകുമ്പോഴും ആസ്ത്മ ലക്ഷണങ്ങള്‍ കൂടിയേക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളാണ് അലര്‍ജനുകള്‍. പൊടി, പുക ഇവയാണ് പ്രധാനവില്ലന്മാര്.ആസ്ത്മയുള്ളവരുടെ കിടപ്പുമുറിയില്‍ നിന്നും പഴയപുസ്തകങ്ങള്‍ കട്ടിയുള്ള കര്‍ട്ടനുകള്‍, കാര്‍പ്പറ്റ്, അലമാര എന്നിവ ഒഴിവാക്കുക.
മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കിയശേഷം, നേര്‍ത്ത റെക്സിന്കൊണ്ട് കവര്‍ തയ്പിച്ച് ഇടുക. തുന്നിയ സ്ഥലത്ത് പ്ളാസ്റ്റര്‍ ഒട്ടിച്ച് ഭദ്രമാക്കുക.
ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കുക.
പുകവലി ഒഴിവാക്കുന്നത് മാത്രമല്ല അത്തരക്കാരുടെ സാമിപ്യവും ഒഴിവാക്കുക.
പട്ടി, പൂച്ച എന്നിവയെ കഴിവതും വീട്ടിനുള്ളില്‍ നിന്നും ഒഴിവാക്കുക.
എരിവ്, പുളി എന്നിവ കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
കൃത്രിമ നിറം, കൃത്രിമ മധുരം, പ്രിസര്‍വേറ്റീവ്സ് എന്നിവ കൂടിയ അളവിലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക
തണുപ്പ് വളരെ കൂടുതലുള്ളഭക്ഷണങ്ങള്‍ ഒഴിവാക്കുക
പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.