കൊച്ചി: 10 ലക്ഷത്തിലധികം ഫോളോവേഴ്സുമായി ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ഐഎസ്എല്‍ ക്ലബായി കേരളാബ്ലാസ്റ്റേഴ്സ്. 10 ലക്ഷത്തിലധികം(1,096,345) പേരാണ് ബ്ലാസ്റ്റേഴ്സിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുന്നത്. 1,087,029 ഫോളോവേഴ്സുമായി എടികെ കൊല്‍ക്കത്ത മഞ്ഞപ്പടയ്ക്ക് തൊട്ടു പിന്നില്‍.
നേരത്തെ സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ആരാധക പിന്തുണയുള്ള ഐഎസ്എല്‍ ക്ലബ് എന്ന നേട്ടം മഞ്ഞപ്പട സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണുകളില്‍ ഫുട്ബോള്‍ ആരാധകരുടെ ഇഷ്ടതാരമായിരുന്ന കനേഡിയന്‍ ഫുട്ബോള്‍ താരം ഇയാന്‍ ഹ്യൂം കേരളാബ്ലാസ്റ്റേഴ്സില്‍ ഉണ്ടായിരുന്നത് ടീമിന്റെ ആരാധകരുടെ കരുത്ത് കൂട്ടിയിരുന്നു.
എന്നാല്‍ അടുത്ത സീസണില്‍ ഹ്യൂം മഞ്ഞപ്പടയില്‍ ഉണ്ടാവില്ല എന്നത് ടീം ആരാധകരുടെ എണ്ണത്തില്‍ എന്തെങ്കിലും കുറവു വരുത്തുമോ എന്ന ആശങ്ക ഉണര്‍ത്തുന്നുണ്ട്. പൂനെ സിറ്റിക്കായാണ് അടുത്ത സീസണില്‍ ഹ്യൂം ബൂട്ടണിയുക. ഒരു വര്‍ഷത്തെ കരാറിലാണ് പൂനെ സിറ്റി ഹ്യൂമിനെ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം ഐഎസ്എല്‍ സീസണിലാണ് ഹ്യൂം ബൂട്ട് കെട്ടുക.