വലന്‍സിയ: സ്പെയ്നിനും ഇറ്റലിക്കും യൂറോ കപ്പിനുള്ള യോഗ്യതാ റൗണ്ടില്‍ വിജയം. നോര്‍വേയ്ക്കെതിരേ 2-1നായിരുന്നു സ്പെയ്നിന്റെ വിജയം. എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റലി ഫിന്‍ലാന്‍ഡിനെ തകര്‍ത്തു.
കളിയുടെ ഏഴാം മിനുട്ടില്‍ നിക്കോളോ ബാരെല്ലയുടെ ഗോളില്‍ ഇറ്റലി ലീഡെടുത്തു. യുവന്റസ് യുവതാരം മോയിസ് കീന്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിച്ച് തന്റെ വരവറിയിച്ചു. ഇറ്റലിയിലെ ടോപ്പ് സ്കോറര്‍ ആയ 36കാരനായ സ്ട്രൈക്കര്‍ ഫാബിയോ കാഗ്ലിയാരെല്ല ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം അസൂറികള്‍ക്ക് വേണ്ടി കളത്തില്‍ ഇറങ്ങി.
രണ്ടാം പകുതിയിലാണ് 19 കാരനായ മോയിസ് കീനിന്റെ ഗോള്‍ പിറന്നത്. കീനിന്റെ ഗോള്‍ ലാസിയോ താരം ഇമ്മൊബിലിന്റെ പാസ്സില്‍ നിന്നായിരുന്നു. ഇതോടുകൂടി കീന്‍ അസൂറികള്‍ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി.
സ്പെയ്നിനായി റോഡ്രിഗോയും സെര്‍ജിയോ റാമോസുമാണ് ലക്ഷ്യം കണ്ടത്. റോഡിഗ്രോയുടെ ഗോളിലൂടെ 16ാം മിനിറ്റില്‍ സ്പെയിന് ലീഡെടുത്തു. എന്നാല്‍ 65ാം മിനിറ്റില്‍ ജോഷ്വാ കിങ്ങിന്റെ പെനാല്‍റ്റിയില്‍ നോര്‍വേ സ്പാനിഷ് പടയെ ഒപ്പം പിടിച്ചു. പക്ഷേ 71ാം മിനിറ്റില്‍ പെനാല്‍റ്റിയുടെ രൂപത്തില്‍ സ്പെയ്നിന് വിജയഗോള്‍ എത്തി. ഗോള്‍ സ്കോറര്‍ റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസ് ആയിരുന്നു.