കൊച്ചി: ഐ ലീഗില്‍ ഇന്ത്യന്‍ ആരോസിന്റെ താരമായിരുന്ന കെപി രാഹുലിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി.
അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയ്ക്കായ് കളിച്ച മലയാളി താരമാണ് രാഹുല്‍. അടുത്ത സീസണില്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനായി രാഹുല്‍ കളത്തിലിറങ്ങും.
മുന്‍ ഇന്ത്യന്‍ അണ്ടര്‍ 17 താരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്ന അഞ്ചാമത്തെ ആളാണ് രാഹുല്‍. 19കാരനായ രാഹുലിന് പുറമെ ബ്ലാസ്റ്റേഴ്സ് നേരത്തെ സ്വന്തമാക്കിയിരുന്നത് ധീരജ് സിങ്ങ്, ജെക്സന്‍ സിങ്ങ്, മുഹമ്മദ് റാകിപ്, നൊങ്ഡംബ നരോം എന്നിവരെയാണ്.
കെപി രാഹുല്‍ തൃശ്ശൂര്‍ സ്വദേശിയാണ്. കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഇന്ത്യന്‍ ആരോസിനായി 17 മത്സരങ്ങളില്‍ നിന്ന് രണ്ടു ഗോളുകള്‍ സ്കോര്‍ ചെയ്തിട്ടുണ്ട് രാഹുല്‍. ഇത്തവണത്തെ സീസണില്‍ മൂന്നു ഗോളുകളും അടിച്ചിട്ടുണ്ട് ഈ താരം. കേരള ബ്ലാസ്റ്റേഴ്സിനെ സൂപ്പര്‍കപ്പ് യോഗ്യതാ മത്സരത്തില്‍ തോല്‍പ്പിച്ച ടീമിലും രാഹുല്‍ ഉണ്ടായിരുന്നു.