ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് എഫ്സി ഗോവ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ എഫ്സി ഗോവ ബംഗളൂരുവിനെ മറികടന്ന് ഐഎസ്എല്ലില്‍ ഒന്നാമതെത്തിയിരിക്കുകയാണ്.
മത്സരത്തില്‍ ആദ്യം ഗോവയുടെ വല ചലിപ്പിച്ച് കളി തുടങ്ങിയത് ബ്ലാസ്റ്റേഴ്സ് ആണ്. പക്ഷേ റഫറി ഓഫ്സൈഡ് വിളിച്ചു. എന്നാല്‍ റീപ്ലേയില്‍ ഇത് ഓഫ്സൈഡ് അല്ലെന്ന് വ്യക്തമായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ ഗോവ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ ക്രോസില്‍ ഹെഡ് ചെയ്ത് ഫെറാന്‍ കോറോമിനാസ് ലക്ഷ്യം കണ്ടു. ഈ ഗോള്‍ 22ാം മിനിറ്റിലായിരുന്നു.
ഈ ഗോള്‍ കഴിഞ്ഞ് മൂന്ന് മിനിറ്റിനുള്ളില്‍ ഗോവ രണ്ടാം ഗോളും നേടി. ഈ ഗോള്‍ പിറന്നത് അനസ് നല്കിയ ബാക്ക് പാസില്‍ നിന്നായിരുന്നു. ഈ ബാക്ക് പാസ് വലയിലെത്താതെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഗോള്‍കീപ്പര്‍ ധീരജില്‍ നിന്ന് പന്ത് കോറോയിലെത്തി. ഈ പന്ത് കോറോ, എഡു ബെഡിയക്ക് കൊടുത്തു. ലക്ഷ്യം കാണുന്നതില്‍ ബെഡിയക്ക് പിഴച്ചില്ല.
ഗോവയുടെ മൂന്നാം ഗോള്‍ വന്നത് 78ാം മിനിറ്റിലാണ്. എഡു ബെഡിയയുടെ പാസില്‍ നിന്ന് പകരക്കാരനായി ഇറങ്ങിയ ഹ്യൂഗോ ബൗമൗസ് ലക്ഷ്യം കണ്ടു. അങ്ങനെ ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു. വിജയത്തോടെ ഗോവ 31 പോയിന്റുമായി മുന്നിലെത്തി. 14 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍.