മഡ്ഗാവ്: ഐഎസ്എല്ലില്‍ ഇന്ന് ബ്ലാസ്റ്റേഴ്സ് ഗോവയ്ക്കെതിരെ കളിക്കളത്തിലിറങ്ങുന്നു. ബെംഗളൂരു എഫ്സിക്കെതിരേ അവരുടെ നാട്ടില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തിനു പിന്നാലെ സ്വന്തം നാട്ടില്‍ ചെന്നൈയിനെ തകര്‍ത്ത ബ്ലാസ്റ്റേഴ്സ് നല്ല കോണ്ഫിഡന്സോടെയാകും കളിക്കാനിറങ്ങുക.
തങ്ങള്‍ക്കിനി നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്ന തിരിച്ചറിവ് ബ്ലാസ്റ്റേഴ്സിനെ അടിമുടി മാറ്റിക്കഴിഞ്ഞു. ആ മാറ്റമാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പ്രതിഫലിച്ചത്. തിങ്കളാഴ്ച ഗോവയെ നേരിടുമ്പോള്‍ അതു തന്നെയാണ് കേരള ടീമിനുള്ള ആനുകൂല്യം. സ്വന്തം മണ്ണില്‍ വിജയത്തോടെ നോക്കൗട്ടിലേക്ക് കടക്കാനാണ് ഗോവ ഇറങ്ങുന്നത്. ഒരു കളി കൂടി ജയിച്ചാല്‍ ഗോവയ്ക്ക് സെമി ഫൈനല്‍ ഉറപ്പിക്കാം. മത്സരം ഗോവയുടെ ഗ്രൗണ്ടായ ഫത്തോര്‍ഡ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30നാണ്.
ഉജ്ജ്വലഫോമിലാണ് കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ഗോവ. ഗോവയ്ക്ക് ലീഗിലെ അവസാന രണ്ടു മത്സരങ്ങള്‍ കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈയിന്, ബെംഗളൂരു ടീമുകളുമായിട്ടാണ്. അതുകൊണ്ടുതന്നെ അവരുടെ ശ്രമം കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് സെമി ബെര്‍ത്ത് ഉറപ്പിക്കാനാകും.
എന്നാല്‍ ബ്ലാസ്റ്റേഴ്സാകട്ടെ, 14 മത്സരങ്ങള്‍ക്കുശേഷം കഴിഞ്ഞ കളിയില്‍ ചെന്നൈയിനെ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ്. പക്ഷേ ശേഷിക്കുന്ന മൂന്നുകളികളും ജയിച്ചാലും അവസാന ആറിലെത്തി സൂപ്പര്കപ്പിനുയോഗ്യത നേടാനാകുമെന്ന് ഉറപ്പില്ല. പുതിയ പരിശീലകനുകീഴില്‍ ആദ്യ രണ്ടു മത്സരങ്ങള്‍ സമനിലയിലായെങ്കിലും പഴയ കളിയില്‍നിന്ന് മെച്ചപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട് ബ്ലാസ്റ്റേഴ്സ്.