നടന് സുധീഷിനോട് സാമ്യമുള്ള കൗമാരക്കാരെ സിനിമയിലേക്ക് ക്ഷണിച്ച് മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. മഞ്ജു വാര്യരെ നായികയാക്കി സഹോദരന് മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’ എന്ന സിനിമയിലാണ് പുതുമുഖങ്ങള്‍ക്ക് അവസരം കാത്തിരിക്കുന്നത്.
മഞ്ജു വാര്യര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ കാസ്റ്റിങ് കോള്‍ പങ്കുവെച്ചത്. നടന് സുധീഷിനോട് സാമ്യമുള്ള കൗമാരക്കാരെയാണ് ചിത്രത്തിലേക്ക് തേടുന്നത്. സുധീഷിനോട് സാമ്യമുള്ള 15-17 വയസുള്ള ആണ്കുട്ടിയ്ക്കും കൂടാതെ 16നും 22 നും വയസിനിടയില്‍ പ്രായമുള്ള പെണ്‍കുട്ടിയ്ക്കും സിനിമയില്‍ അവസരമുണ്ട്. പരമ്പരാഗത വേഷവും മോഡേണ്‍ വേഷവും ഒരു പോലെ ഇണങ്ങുന്ന ആളായിരിക്കണം പെണ്‍കുട്ടി.
രണ്ട് ഫോട്ടോകളും സെല്‍ഫ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോയും മുന്‍പ് വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ലിങ്കും ഉള്‍പ്പെടുത്തിയാണ് അപേക്ഷിക്കേണ്ടത്. 9605772524 എന്ന നമ്പറിലേക്ക് ഡിസംബര്‍ 15നുള്ളില്‍ വാട്സ്ആപ്പ് ചെയ്യണം.
ബിജുമേനോനും മഞ്ജു വാര്യരുമാണ് ‘ലളിതം സുന്ദരം’ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.
പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ ദിലീഷ് പോത്തന്, സൈജു കുറുപ്പ്, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇരുപതുവര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജു വാര്യര്‍ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1999 ലെ ‘കണ്ണെഴുതി പൊട്ടുംതൊട്ട്’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.