കൊച്ചി: സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ അടിയന്തരയോഗം കൊച്ചിയില്‍ തുടങ്ങി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ നിന്നും സംവിധായകന് കമല്‍ വിട്ടുനില്‍ക്കുകയാണ്.
ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ സംവിധായകന് ആഷിഖ് അബുവിന്റെ പ്രസ്താവനകളും ഫെഫ്കയുടെ യോഗത്തില്‍ ചര്‍ച്ചയാകും. ദിലീപിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഫെഫ്കയുടെ പ്രസിഡന്റായ ബി ഉണ്ണികൃഷ്ണന് സ്വീകരിക്കുന്നതെന്ന് ആഷിഖ് അബു ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം വിളിക്കാന്‍ ഫെഫ്കയും നിര്‍ബന്ധിതരായത്.
ആഷിഖ് അബുവിനെതിരേ നടപടിയെടുക്കാനാണ് യോഗം ചേര്‍ന്നതെന്നും സൂചനകളുണ്ട്. അങ്ങനെയെങ്കില്‍ ആ തീരുമാനത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയാണ് കമല്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.
ഫെഫ്കയുടെ യോഗത്തില്‍ പ്രത്യേക ക്ഷണിതാവാണ് മുതിര്‍ന്ന സംവിധായകനായ കമല്‍. യോഗത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ പങ്കെടുക്കുന്നില്ലെന്നും പറയാനുള്ള കാര്യങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും കമല്‍ വ്യക്തമാക്കിയിട്ടുണ്ട്.