കൊറോണ മഹാമാരിക്ക് ശേഷം മലയാള സിനിമാലോകം ഒന്നടങ്കം ആഘോഷമാക്കിയ ചിത്രമാണ് ആമസോണ്‍ പ്രൈമിലൂടെയെത്തി വന്‍വിജയം സ്വന്തമാക്കിയ ദൃശ്യം 2. സൂപ്പര്‍താരം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രത്തിന്റെ വിശേഷങ്ങള്‍ തന്നെയായിരുന്നു കഴിഞ്ഞ കുറച്ചുനാളുകളായി ഓണ്‍ലൈനില്‍ തരംഗമായത്. എന്നാല്‍ ഇപ്പോഴിതാ സിനിമയെ പുകഴ്ത്തി ബാഹുബലി ഉള്‍പ്പെടെയുള്ള സൂപ്പര്‍ ഹിറ്റ് തെലുങ്ക് സിനിമകളുടെ സംവിധായകന് എസ്എസ് രാജമൗലി എത്തിയിരിക്കുകയാണ്.
എസ്എസ് രാജമൗലി ജീത്തു ജോസഫിന് അദ്ദേഹം അയച്ച അഭിനന്ദന സന്ദേശം ജീത്തു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.
‘ഹായ് ജീത്തു, കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ദൃശ്യം 2 കണ്ടു. ദൃശ്യം 2 കണ്ടതിന് പിന്നാലെ ദൃശ്യം ആദ്യ ഭാഗവും കണ്ടു. ദൃശ്യം ഫസ്റ്റിന്റെ തെലുങ്ക് പതിപ്പായിരുന്നു റിലീസായ സമയത്ത് ഞാന്‍ കണ്ടിരുന്നത്.
ദൃശ്യം 2-ന്റെ ഡയറക്ഷന്‍, തിരക്കഥ, എഡിറ്റിങ്, അഭിനയം എല്ലാം ഏറെ അമ്പരപ്പിക്കുന്നതാണ്, പക്ഷേ സിനിമയുടെ തിരക്കഥ അതിനൊക്കെ അപ്പുറം വേറെന്തോ ആണ്. ലോക നിലവാരമുള്ളതാണ്.
ദൃശ്യം ആദ്യഭാഗം തന്നെ മാസ്റ്റര്‍ പീസ് ആണ്, ആദ്യഭാഗത്തോട് ഏറെ ചേര്‍ന്നു പോകുന്നതാണ് രണ്ടാം ഭാഗവും, അത്ര തന്നെ പിടിച്ചിരുത്തുന്ന അവതരണം. ബ്രില്യന്‍സില്‍ കുറഞ്ഞതൊന്നുമല്ലിത്, താങ്കളില്‍ നിന്നും കൂടുതല്‍ മാസ്റ്റര്‍ പീസുകള്‍ ഉണ്ടകട്ടെ’
എന്നാണ് രാജമൗലി ജീത്തു ജോസഫിന് അയച്ച സന്ദേശത്തില്‍ പറയുന്നത്.
സംവിധായകന് മിഥുന് മാനുവല്‍ തോമസ് ഉള്‍പ്പെടെ സിനിമാ രംഗത്തുനിന്നുള്ള നിരവധി പേര് ജീത്തുവിനെ അഭിനന്ദിച്ച് പോസ്റ്റിന് താഴെ എത്തിയിട്ടുമുണ്ട്. അതേസമയം, സിനിമയുടെ തെലുങ്ക് റീമേക്ക് ചിത്രീകരണം അടുത്തിടെ ആരംഭിച്ചു.