മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ഒടിയന്’ പ്രക്ഷേകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളുടെ എഎംഡിബി പട്ടികയില്‍ ആദ്യ മൂന്നില്‍ ഇടം നേടി. ശങ്കര്‍ രജനി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘2.0’ യും ഷാരൂഖ് ചിത്രം ‘സീറോ’യും ആണ് മറ്റ് രണ്ട് സിനിമകള്‍. ഇന്ത്യയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ആദ്യ മൂന്നിലാണ് ഇപ്പോള്‍ ഒടിയന്. ഒരു മലയാള ചിത്രം ഈ പട്ടികയില്‍ ഇടം പിടിക്കുന്നത് അത്യഅപൂര്‍വമായ കാര്യമാണ്.
മറ്റ് പല റെക്കോര്‍ഡുകളും നേരത്തെ ‘ഒടിയന്’ സ്വന്തമാക്കിയിരുന്നു. ചിത്രത്തിലെ ആദ്യ ഗാനം യൂട്യൂബ് ട്രെന്റിംഗില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്താണ്. എം ജയചന്ദ്രന്റെ ഈണത്തില്‍ സുദീപ് കുമാറും ശ്രേയാ ഘോഷാലും ചേര്‍ന്നാലപിച്ച ‘കൊണ്ടോരാം’ എന്ന ഈ ഗാനം ഇതുവരെ 15 ലക്ഷത്തിലധികമാളുകളാണ് കണ്ടത്. നേരത്തെ ഒടിയന്റെ ട്രെയ്ലര് സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇരുപത് ദിവസം കൊണ്ട് 6.5 മില്ല്യണ്‍ കാഴ്ച്ചക്കാരുമായിട്ടാണ് ഒടിയന് ട്രെയ്ലര് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.