നടന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് മുരളിഗോപിയാണ്. സിനിമയുടെ ചിത്രീകരണം ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ആരംഭിച്ചിരുന്നു. എന്നാല്‍ ഷൂട്ടിങ് ആരംഭിച്ച ദിവസം മുതല്‍ സെറ്റില്‍ നിന്നും പുറത്തു വരുന്ന അനൗദ്യോഗിക ക്ലിപ്പുകളും ചിത്രങ്ങളും സിനിമയെ ദ്രോഹിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് മുരളി ഗോപി ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു.
സിനിമയോടുള്ള സ്നേഹവും പ്രതീക്ഷയുമാണ് ഇതിനു പിന്നില്‍ എന്നറിയാമെങ്കിലും ഇത് സിനിമയെ ഉപദ്രവിക്കുകയാണെന്നും ഊഹാപോഹങ്ങള്‍ പടച്ച്, അത് പറഞ്ഞു പരത്താന്‍ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണെന്നും അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹാഹിപ്പിക്കരുതെന്നും മുരളി ഗോപി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം ചിത്രത്തെ കുറിച്ച് വിസ്മയ ശലഭങ്ങള്‍ എന്ന പേരില്‍ മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയിരുന്നു. പൃഥ്വിയെ പോലെ ഏറെ തിരക്കുള്ള നടന് അതെല്ലാം മാറ്റിവച്ച് സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങിയത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് മോഹന്‍ലാല്‍ പറയുന്നു. ലോകത്ത് അപൂര്‍വ്വമായിരിക്കാം ഇത്.
ഈ സംവിധായകനില്‍ ഒരു നടന് കൂടിയുണ്ട്. എന്നാല്‍ തന്നിലെ നടനില്‍ ഒരു സംവിധായകനില്ല. തന്റെ നടനായ സംവിധായകന് എന്താണ് ആവശ്യമെന്ന് തന്നിലെ നടനും, തന്നിലെ നടനില്‍ നിന്നും എന്താണ് എടുക്കേണ്ടത് എന്ന് നടനായ സംവിധായകനും അറിയണമെന്നും ആ രസതന്ത്രത്തിലേക്ക് എത്തിയാല്‍ തങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന ചിത്രമായി ലൂസിഫര്‍ മാറിയേക്കാമെന്നും മോഹന്‍ലാല്‍ പറയുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, സംവിധായകന് ഫാസില്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ഇതിനെ ഒരു അപൂര്‍വ്വ സംഗമം എന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിച്ചത്. ചിത്രത്തിന്റെ സംവിധാന ജോലികളില്‍ തിരക്കിലായ പൃഥ്വിരാജ് അഭിനയത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്തേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2018ന്റെ അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.