അനിതാ നായരുടെ ‘ഈറ്റിംഗ് വാസ്പ്സ്’ എന്ന പുതിയ പുസ്തകത്തിന് അഭിനന്ദനവുമായി ട്വിങ്കിള്‍ ഖന്ന. മുന്‍ താരമായിരുന്ന ട്വിങ്കിള്‍ ഖന്ന എഴുത്തുകാരിയും, ബോളിവുഡ് സൂപ്പര്‍താരം അക്ഷയ്കുമാറിന്റെ ഭാര്യയുമാണ്. ആ പുസ്തകം തന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചുവെന്നാണ് ട്വിങ്കിള്‍ പറയുന്നത്.
മികച്ച എഴുത്തുകാരി മാത്രമല്ല നല്ലൊരു വായനക്കാരി കൂടിയാണ് ട്വിങ്കിള്‍. ശ്രദ്ധേയമായ പുസ്തകങ്ങളും കോളങ്ങളുമൊക്കെ ട്വിങ്കിള്‍ ഖന്നയുടേതായിട്ടുണ്ട്.
ട്വിങ്കിള്‍ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വായനാനുഭവങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. മലയാളിയായ ഇന്ത്യന്‍ ഇംഗ്ലിഷ് എഴുത്തുകാരി അനിതാ നായരുടെ ഏറ്റവും പുതിയ പുസ്തകത്തെ പ്രശംസിച്ചുകൊണ്ട് താരം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചതിങ്ങനെ ”മുപ്പതാം പേജ് എത്തിയപ്പോള്‍ ഞാന്‍ മാറ്റി വച്ച പുസ്തകമാണിത്. അതെന്നെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. പക്ഷേ തൊട്ടടുത്ത ദിവസം തന്നെ ഞാനത് ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു’
‘ഈറ്റിംഗ് വാസ്പ്സ്’ വളരെ മനോഹരമായ, മനസ്സിനെ ഇളക്കി മറിക്കുന്ന പുസ്തകമാണ്”. താര ദമ്പതികളായ രാജേഷ് ഖന്ന-ഡിംപിള്‍ കപാഡിയമാരുടെ പുത്രിയായ ട്വിങ്കിള്‍ മൂന്നു പുസ്തകങ്ങളുടെ രചയിതാവും കൂടിയാണ്.