ഹൈദരാബാദ്: പുഷ്പ ചിത്രത്തിലൂടെ രാജ്യത്താകമാനം ആരാധകരെ സൃഷ്ടിച്ച് അല്ലു അർജുന് എതിരെ പരാതിയുമായി സാമൂഹ്യപ്രവർത്തകൻ. അല്ലു അർജുൻ അഭിനയിച്ച പരസ്യം ആളുകളെ വഴിതെറ്റിക്കുന്നു എന്ന് ആരോപിച്ചാണ് പോലീസിൽ പരാതി ലഭിച്ചിരിക്കുന്നത്.
ഈയടുത്ത് അല്ലു അർജുൻ അഭിനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യമാണ് താരത്തിന് തലവേദനയായിരിക്കുന്നത്. കോത്ത ഉപേന്ദർ റെഡ്ഡി എന്ന സാമൂഹ്യ പ്രവർത്തകനാണ് പരസ്യത്തിനും താരത്തിനുമെതിരെ പരാതിയുമായു രംഗത്തെത്തിയിരിക്കുന്നത്.
അല്ലുവിന്റെ പരസ്യം ആളുകളെ വഴിതെറ്റിക്കുന്നതാണെന്നും തെറ്റായ വിവരങ്ങളാണ് നൽകിയതെന്നും റെഡ്ഡി ആരോപിക്കുന്നു. ഇതിനെതിരെ ആമ്പർപേട്ട് പോലീസിൽ പരാതിയും നൽകിയിരിക്കുകയാണ് അദ്ദേഹം.
ജനങ്ങളെ കബളിപ്പിച്ചതിന് അല്ലു അർജുനേയും വിദ്യാഭ്യാസ സ്ഥാപനത്തേയും പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് കോത്ത ഉപേന്ദർ റെഡ്ഡി ആവശ്യപ്പെടുന്നത്.
നേരത്തെ ഫുഡ് ഡെലിവറി ആപ്പിനുവേണ്ടി പരസ്യം ചെയ്തതും സർക്കാർ ട്രാൻസിറ്റ് സേവനങ്ങളെ അവഹേളിച്ചുകൊണ്ട് നിർമിച്ച ബൈക്ക് ആപ്പ് പരസ്യത്തിൽ അഭിനയിച്ചതിനും അല്ലു ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.