റാസ്പുടിന് ഗാനത്തിന് ചുവടുവെച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിന്റെയും നവീന്‍ റസാഖിന്റെയും വീഡിയോയാണ് വൈറലായതും പിന്നാലെ വിവാദങ്ങളിലേക്ക് എത്തിയതും.
എന്നാല്‍ ഇപ്പോഴിതാ ആ വൈറല്‍ വീഡിയോ അങ്ങ് യുഎന്നില്‍ വരെ എത്തിയിരിക്കുകയാണ്. യുഎന്‍ പ്രതിനിധി സംഘത്തിലാണ് ഈ ഡാന്‍സ് വീഡിയോ ചര്‍ച്ചയായത്. ചയച്ചയില് യുഎന്നിന്റെ കള്‍ച്ചറല്‍ റൈറ്റ്സ് സ്പെഷ്യല്‍ റാപ്പോര്‍ട്ടര്‍ കരീമ ബെന്നൌണ്‍സ് ആണ് വൈറല്‍ ഡാന്‍സിനെ പ്രശംസിച്ചുകൊണ്ട് പ്രസംഗത്തിനിടെ പരാമര്‍ശം നടത്തിയത്.
സംസ്കാരികമായ കൂട്ടായ്മകള്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് കരീമയുടെ പരാമര്‍ശം. ‘സാംസ്കാരിക വേര്‍തിരിവുകള്‍ മാറ്റിനിര്‍ത്തി ഒന്നിച്ചു നൃത്തം ചെയ്ത രണ്ട് യുവതീ യുവാക്കള്‍ക്ക് ലഭിച്ച വ്യാപകമായ പിന്തുണയായിരുന്നു.
ഒപ്പം മൌലിക വാദികള്‍ വലിയ അധിക്ഷേപങ്ങളും ഇവര്‍ക്കെതിരെ നടത്തുകയുണ്ടായി. വിദ്വേഷ പ്രചാരണങ്ങള്‍ക്കും ഇവര്‍ ഇയാക്കപ്പെട്ടു. എന്നാല്‍ ഇനിയും ഒന്നിച്ച് ഡാന്‍സ് ചെയ്യുമെന്നായിരുന്നു ജാനകിയുടെയും നവീന്റെയും പ്രതികരണം.. ഇത് പ്രശംസനീയമാണെന്നും ബെന്നൌണ്‍സ് പറഞ്ഞു.
ആ യുവാക്കളുടെ പ്രതികരണം നമ്മുടെയെല്ലാം കൂട്ടായുള്ള പ്രതികരണമായി മാറേണ്ടതാണ്. ഈ 21-ാം നൂറ്റാണ്ടില്‍ സാംസ്കാരികമായ അവകാശങ്ങള്‍ വേര്‍തിരിവില്ലാതെ ഉയര്‍ത്തിപ്പിടിക്കാന്‍, സംസ്കാരത്തെയും സ്വത്വത്തെയും വൈവിധ്യമാര്‍ന്ന സാംസ്കാരിക സമന്വയങ്ങളെയുമെല്ലാം കുറിച്ചുള്ള തെറ്റായ ധാരണകളെ ശക്തമായും ക്രിയാത്മകമായും പ്രതിരോധിക്കുക എന്നത് മാത്രമാണ് പോംവഴിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.